ഇടുക്കി: നെല്‍കൃഷിയില്‍ വിജയഗാഥ രചിച്ച് വീട്ടമ്മമാരുടെ കൂട്ടായ്മ. പാടങ്ങള്‍ വെട്ടിനിരത്തി റിസോര്‍ട്ടുകളും കെട്ടിടങ്ങളും നിര്‍മ്മിക്കുമ്പോള്‍ നാല് വീട്ടമ്മമാര്‍ നെല്‍ക്യഷി വിളയിക്കുകയാണ് ചെയ്യുന്നത്. ഹൈറേഞ്ചില്‍ നിന്നും നെല്‍കൃഷി പടിയിറങ്ങുമ്പോള്‍ നെല്‍കൃഷിയിറക്ക് കാര്‍ഷിക കേരളത്തിന് മാതൃകയാവുകയാണ് നാല് വീട്ടമ്മമാര്‍. നെല്‍കൃഷി നിലച്ച് തരിശായി മാറിയ തോപ്രാംകുടി സ്‌കൂള്‍ സിറ്റി പാടശേഖത്തിലാണ് വീട്ടമ്മമാര്‍ നെല്‍കൃഷിയില്‍ വിജയഗാഥ രചിക്കുന്നത്.

എഴുപതുകളുടെ മദ്ധ്യംവരെ ക്രമേണ വര്‍ദ്ധിച്ചു കൊണ്ടിരുന്ന നെല്‍പാട വിസ്തൃതി അതിനുശേഷം കുറഞ്ഞ് ഇപ്പോള്‍ ഏതാണ്ട് പകുതിയില്‍ താഴെ എത്തിയിരിക്കുന്നു. നെല്‍പാടങ്ങള്‍ മറ്റാവശ്യങ്ങള്‍ക്കുവേണ്ടി മാറ്റുന്ന പ്രക്രിയ ഹൈറേഞ്ചില്‍ തുടര്‍ന്നു വരുന്നുമുണ്ട്. ഇന്ന് നെല്‍കൃഷി വെള്ളക്കെട്ടുള്ള താഴ്ന്ന പ്രദേശങ്ങളിലേയ്ക്ക് മാത്രം ഒതുങ്ങിയിരിയ്ക്കുന്നു. മറ്റു വിളകള്‍ക്ക് വെള്ളക്കെട്ടുള്ള ചുറ്റുപാടുകളെ അതിജീവിയ്ക്കുവാന്‍ സാധിയ്ക്കുകയില്ലയെന്നതിനാലാണ് നെല്‍കൃഷി ഇന്നും ഇവിടെ നിലനില്‍ക്കുന്നത്. 

ലാഭകരമല്ലായെന്ന കാരണത്താല്‍ നെല്‍പാടങ്ങള്‍ തരിശിടുന്ന പ്രവണതയും കൂടുകയാണ്. ഇടുക്കി ജില്ലയിലെ മിക്ക പാടങ്ങളും വാഴ, പാവല്‍, പയര്‍, മരച്ചീനി മുതലായ വിളകള്‍ ഇതിനകം കയ്യടക്കിക്കഴിഞ്ഞു. എന്നാല്‍ അന്യം നിന്നുപോകുന്ന തനതു കൃഷിയെ പുനര്‍ ജനിപ്പിച്ചു മാതൃകയാവുകയാണ് തോപ്രാംകുടിയിലെ ഒരുപറ്റം വീട്ടമ്മമാര്‍. തോപ്രാംകുടി സ്‌കൂള്‍ സിറ്റി പാടശേഖരത്താണ് നാലു വീട്ടമ്മമാര്‍ ചേര്‍ന്ന് നെല്‍കൃഷി ആരംഭിച്ചത്.

ഒരു ഹെക്റ്റര്‍ സ്ഥലത്തു ആരംഭിച്ച നെല്‍കൃഷി പൂര്‍ണ വിജയവുമായിരുന്നു. ജിനി ഹരിദാസ്, മിനി ഷാജി, ആഷാ വിനോദ്, ഹരിത അജു എന്നിവരുടെ നേതൃത്വത്തിലാണ് നെല്‍കൃഷി. എസ് എന്‍ ഡി പി പടി മുതല്‍ നാലുതൂണ്‍ വരെയുള്ള നൂറേക്കറോളം സ്ഥലത്തു വര്‍ഷങ്ങള്‍ക്കുമുന്‍പ് നെല്‍കൃഷിയുണ്ടായിരുന്നു . എന്നാല്‍ ഇന്ന് അത് ഒരു ഹെക്റ്ററായി കുറഞ്ഞു .

അമിത പണിക്കൂലിയും, ജോലിക്കാരെ കിട്ടാത്തതുമാണ് നെല്‍കൃഷിയില്‍ നിന്ന് പിന്തിരിയുവാനുള്ള പ്രധാന കാരണം . വാത്തിക്കുടി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിലാണ് ഹണി ജെ എല്‍ ജി യിലെ നാലംഗ സംഗം നെല്‍കൃഷി ചെയ്യാന്‍ മുന്നിട്ടിറങ്ങിയത്. ആലപ്പുഴയില്‍ നിന്നും കൊണ്ടുവന്ന ഭവാനി എന്നയിനം നെല്ലാണ് വിതച്ചത് . കര്‍ഷകനായ ഹരിദാസ് നെല്‍ക്കൃഷിക്കുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കി . നെല്ല് വിതച്ചതും , കളപറിച്ചതും , കൊയ്തതുമെല്ലാം വീട്ടമ്മമാര്‍ തന്നെയാണ് . തികച്ചും ജൈവ രീതിയില്‍ നടത്തിയ നെല്‍കൃഷി പൂര്‍ണ വിജയമായിരുന്നു ഇന്ന് വീട്ടമ്മമാര്‍ പറയുന്നു