കശ്‍മീരിലെ പാംപോറില്‍ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തിയില്‍ വര്‍ദ്ധിച്ചു വരുന്ന നുഴഞ്ഞുകയറ്റത്തെ കുറിച്ച് പരിശോധിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം പ്രത്യേക സമിതിക്ക് രൂപം നല്‍കി. കേരള കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനായ മഹേഷ് കുമാര്‍ സിംഗ്ലയുടെ നേതൃത്വത്തിലുള്ള സംഘം ചൊവ്വാഴ്ച്ച കശ്‍മീരില്‍ എത്തും. അര്‍ദ്ധസൈനിക വിഭാഗത്തിന്റെ വാഹനവ്യൂഹങ്ങളുടെ സുരക്ഷ ഉറപ്പിക്കുന്നതിന് ആവശ്യമായ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ സമിതി മന്ത്രാലയത്തിന് സമ‍ര്‍പ്പിക്കും.

ഇതിനിടെ അയല്‍ക്കാര്‍ രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് ആഭ്യന്തര രാജ്നാഥ് സിങ്ങ് പഞ്ചാബില്‍ പറഞ്ഞു. പാംപോറില്‍ എത്തിയ സിആര്‍പിഎഫ് മേധാവി ദുര്‍ഗ്ഗാ പ്രസാദ് സ്ഥിതി വിലയിരുത്തി. സിആര്‍പിഎഫ് സംഘം രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് അവഗണിച്ചതാണ് ആക്രമണത്തിന് വഴി വച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ശ്രീനഗറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന 21 സിആര്‍പിഎഫ് ജവാന്‍മാരില്‍ ഒന്‍പത് പേര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.