ഒരു വര്‍ഷത്തോളം കാറില്‍ താമസിച്ചു; വീടില്ലാത്തതിനാല്‍. മുന്നില്‍ മരണം മാത്രമെന്ന നിലയിലാണ് അവസാന ശ്രമമെന്ന നിലയില്‍ പ്ലക്കാർഡുമായി തെരുവിലേക്കിറങ്ങിയത്. പിന്നീട് സംഭവിച്ചത് സ്വപ്നങ്ങളെ വെല്ലുന്ന ട്വിസ്റ്റ്... ജോലി വാഗ്ദാനം, സ്വപ്നം കാണാന്‍ കഴിയാത്തിടത്ത് നിന്ന്...
അമേരിക്ക: 'നിനക്ക് വല്ല ജോലിക്കും പോകാന്‍ പാടില്ലയോ.. ?' പഠനം കഴിഞ്ഞിറങ്ങുന്ന ഭൂരിഭാഗം പേരും കേൾക്കുന്ന സ്ഥിരം പല്ലവിയാണ്. എന്നാൽ ഇത്തരം ചോദ്യങ്ങളിൽ നിന്നുള്ള രക്ഷപ്പെടാന്‍ ജോലി തേടി ഇറങ്ങിയാലോ, ഓരോ ഓഫീസിലും കയറി ഇറങ്ങി ഷൂ തേയുന്നത് മാത്രം മിച്ചം.
അമേരിക്കയിലെ വാഷിംങ്ടൺ ഡിസിയില്‍ വെബ് ഡിസൈനറായും ലേഗോ ഡിസൈനറായും ജോലി നോക്കിട്ടുള്ളയാളാണ് ഡേവിഡ് കാസറസ് എന്ന യുവാവ്. ഇന്‍ഫര്‍മേഷന്‍ സിസ്റ്റം മാനേജ്‌മെന്‍റ് ബിരുദധാരിയുമാണ്. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ട് ഇയാളുടെ ജോലി നഷ്ടമായി. ഒരു വര്‍ഷത്തോളമായി വീടിന് വാടക കൊടുക്കാന്‍ കാശില്ലാത്തതിനാല്‍ കാറിലാണ് ഡേവിഡിന്‍റെ ഉറക്കം.
ഒടുവില്‍ മറ്റൊരു ഗതിയുമില്ലാതായതോടെയാണ് ഡേവിഡ് പുതിയ ആശയവുമായി തെരുവിലേക്കിറങ്ങിയത്. എക്‌സിക്യൂട്ടീവ് ലുക്കില്‍ വസ്ത്രം ധരിച്ച് കൈയ്യില്‍ പ്ലക്കാർഡുമായി റോഡ് സൈഡില്‍ നില്‍ക്കുന്ന ഡേവിഡിനെ അത്ഭുതത്തോടെയാണ് ആദ്യം ആളുകള്‍ നോക്കിയത്. പ്ലക്കാർഡ് വായിച്ചവര്‍ ഞെട്ടി. 'homeless,hungry 4 success,take a resume'-; എന്നാണ് പ്ലക്കാർഡിലെ വാചകം.
പ്ലക്കാർഡുമായി നില്‍ക്കുന്ന ഡേവിഡിന്‍റെ ഫോട്ടോ ട്വറ്ററില്‍ വൈറലായതോടെ ഇരുന്നൂറിലേറെ ജോലി വാഗ്ദാനങ്ങളാണ് ഇയാളെ തേടി എത്തിയത്. ഇതിൽ ഗൂഗിൾ, ബിറ്റ് കോയിൻ ഡോട്ട് കോം തുടങ്ങി പ്രമുഖ കമ്പനികളും ഉൾപ്പെടുന്നു. എന്‍റെ ജീവിതത്തില്‍ ഇങ്ങനെ ഒരു സാഹചര്യത്തിൽ നിൽക്കേണ്ടിവരുമെന്നോ, ഇത്രയേറെ പേർ എന്നെ സപ്പോട്ട് ചെയ്യുമെന്നോ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഡേവിഡ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.
ജോലിക്കായി നിരവധി ഓഫീസുകള്‍ കയറി ഇറങ്ങിയ ഡേവിഡ് അവസാന കച്ചിത്തുരുമ്പ് എന്ന നിലയിലാണ് പ്ലക്കാർഡുമായി തെരുവിൽ ഇറങ്ങിയത്. ഈ ശനിയാഴ്ച്ചയാണ് ഡേവിഡ് പ്ലക്കാർഡും പിടച്ച് നില്‍ക്കുന്ന ഫോട്ടോ ട്വിറ്ററില്‍ പങ്കുവെച്ചത്. ഇതിനോടകം ചിത്രത്തിന് 50,000 റീട്വീറ്റുകളും 70,000-ത്തോളം ലൈക്കുകളും ലഭിച്ചു കഴിഞ്ഞു.
