ദോഹ: ഇത്തവണ ഹജ്ജ് നിര്‍വഹിച്ച ഖത്തര്‍ പൗരന്മാര്‍ക്കെതിരെ ഖത്തര്‍ ശിക്ഷാ നടപടി സ്വീകരിക്കുന്നതായി ആരോപണം. ഇതിനെതിരെ ഗള്‍ഫ്‌ രാജ്യങ്ങളുടെ സംയുക്ത സമിതി മുന്നോട്ടു വന്നു. അതേസമയം ഹജ്ജ് സേവനങ്ങളില്‍ വീഴ്ച വരുത്തിയ സര്‍വീസ് ഏജന്‍സികള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ അച്ചടക്ക സമിതിയോട് ഹജ്ജ് മന്ത്രാലയം ആവശ്യപ്പെട്ടു.

ഖത്തറില്‍ നിന്നും ഇത്തവണ ഹജ്ജ് നിര്‍വഹിച്ച തീര്‍ഥാടകര്‍ക്കെതിരെ നടപടി സ്വീകരിക്കരുതെന്ന് ഗള്‍ഫ്‌ രാജ്യങ്ങളുടെ സംയുക്ത സമിതിയായ ഗള്‍ഫ്‌ അസോസിയേഷന്‍ ഫോര്‍ റൈറ്റ്സ് ആന്‍ഡ്‌ ഫ്രീഡം ഖത്തറിനോട്‌ ആവശ്യപ്പെട്ടു. ഹജ്ജ് നിര്‍വഹിച്ചു തിരിച്ചെത്തിയ ഒരു തീര്‍ഥാടകനെതിരെ ഖത്തര്‍ നടപടി സ്വീകരിച്ച റിപ്പോര്‍ട്ടിന്‍റെ പശ്ചാത്തലത്തിലാണ് സമിതിയുടെ ഇടപെടല്‍. 

ഹമാദ് അബ്ദുല്‍ ഹാദി അല്‍ ദബാബ് അല്‍ മാരി എന്ന തീര്‍ഥാടകനെതിരെയാണ് നടപടി സ്വീകരിച്ചത്. സൗദിയിലേക്ക് യാത്ര ചെയ്തതും,ഹജ്ജ് നിര്‍വഹിച്ചതും,മാധ്യമങ്ങളോട് സംസാരിച്ചതുമൊക്കെയാണ് ഈ തീര്‍ഥാടകനെതിരെചുമത്തിയ കുറ്റം.ഖത്തര്‍ തീര്‍ഥാടകരെ സംരക്ഷിക്കാന്‍ അന്ത്രാരാഷ്ട്ര സമൂഹം മുന്നോട്ടു വരണമെന്നും സമിതി ആവശ്യപ്പെട്ടു. 

ഹജ്ജിനെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ ഖത്തര്‍ ശ്രമിച്ചിരുന്നതായി കുറ്റപ്പെടുത്തിയ സമിതി ഈ ശ്രമം പരാജയപ്പെട്ടതായി അറിയിച്ചു. 1564 തീര്‍ഥാടകര്‍ ഇത്തവണ ഖത്തറില്‍ നിന്നും ഹജ്ജിനെത്തിയിരുന്നു. തീര്‍ഥാടകരെ കൊണ്ടുവരാനുള്ള സൗദി വിമാനങ്ങള്‍ക്ക് ഖത്തറില്‍ ഇറങ്ങാന്‍ അനുമതി നിഷേധിച്ചെങ്കിലും റോഡ്‌ മാര്‍ഗം ഇവര്‍ സൗദിയില്‍ എത്തി. 

അതേസമയം ഹജ്ജ് തീര്‍ഥാടകര്‍ക്ക് സേവനം ചെയ്യുന്നതില്‍ പല സര്‍വീസ് ഏജന്‍സികളും വീഴ്ച വരുത്തിയതായി പരാതി ഉണ്ടായിരുന്നു. പരാതിയെ കുറിചു പഠിച്ച പ്രത്യേക സമിതി ഏജന്‍സികള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ അച്ചടക്ക സമിതിയോട് ശുപാര്‍ശ ചെയ്തു. 

തീര്‍ഥാടകര്‍ക്ക് കരാര്‍ പ്രകാരമുള്ള സേവനം നല്‍കുന്നതി വീഴ്ച വരുത്തിയാല്‍ ശക്തമായ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. പിഴ, ലൈസന്‍സ് റദ്ദ് ചെയ്യല്‍, തടവ് തുടങ്ങിയവയായിരിക്കും ഇവര്‍ക്ക് ലഭിക്കുന്ന ശിക്ഷ. ആഭ്യന്തര നിയമ മന്ത്രാലയങ്ങളിലെ അംഗങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് അച്ചടക്ക സമിതി.