സോഡിയം പോളി അക്രിലേറ്റ് എന്ന രാസപദാര്‍ത്ഥമാണ് ചെളിയും വെള്ളവും നീക്കം ചെയ്യാന്‍ പലരും ഉപയോഗിക്കുന്നത്

തിരുവനന്തപുരം: വീടുകളില്‍ അടിഞ്ഞുകൂടിയ ചെളിയും വെള്ളവും നീക്കം ചെയ്യാന്‍ രാസപദാര്‍ത്ഥങ്ങള്‍ പരീക്ഷിക്കുന്നത് ശ്രദ്ധിച്ചുവേണെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന പല ശാസ്ത്രീയമാര്‍ഗ്ഗങ്ങളും വലിയ പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാക്കും.

സോഡിയം പോളി അക്രിലേറ്റ് എന്ന രാസപദാര്‍ത്ഥമാണ് ചെളിയും വെള്ളവും നീക്കം ചെയ്യാന്‍ പലരും ഉപയോഗിക്കുന്നത്. വെറും രണ്ടു സ്പൂണ്‍ വിതറിയാല്‍ സെക്കന്‍റുകള്‍ക്കുള്ളില്‍ വെള്ളം പരല്‍ രൂപത്തില്‍ കട്ടകള്‍ ആയി മാറും. ഭാരത്തിന്‍റെ 200 മുതല്‍ 300 മടങ്ങ് വരെ വെള്ളം വലിച്ചെടുക്കാന്‍ ഈ രാസപദാര്‍ത്ഥത്തിന് കഴിവുണ്ട്.

എന്നാല്‍ വീടുകളിലെ ചെളിയും വെള്ളവും നീക്കം ചെയ്യാന്‍ സോഡിയം പോളി അക്രിലേറ്റ് ഉപയോഗിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. പ്ലാസ്റ്റിക് ഉണ്ടാക്കുന്ന അതേ പാരിസ്ഥിതിക പ്രശ്നങ്ങള്‍ തന്നെ ഈ രാസപദാര്‍ത്ഥവും ഉണ്ടാക്കുമെന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നു. 

100 ഗ്രാം സോഡിയം പോളി അക്രിലേററിന് 700 രൂപയോളമാണ് വില. 1500 സ്ക്വയര്‍ ഫീറ്റ് വിസ്തൃതിയുള്ള വീട്ടിലെ ചെളിയും വെള്ളവും നീക്കാന്‍ ഒരു കിലോയിലേറെ രാസപദാര്‍ത്ഥം വേണ്ടിവരും. പരിസ്ഥിതി മലിനമാക്കാതെ സ്വാഭീവീക മാര്‍ഗ്ഗങ്ങളിലൂടെ വീട് വൃത്തിയാക്കുന്നതാണ് നല്ലതെന്നാണ് വിദഗ്ധരുടെ അഭിപ്രായം.