മുംബൈ: വസ്‌ത്രനിര്‍മാണ രംഗത്ത് മാറ്റിനിര്‍ത്താനാകാത്ത ബ്രാന്‍ഡാണ് ഡോ. വിജയ് സിംഘാനിയ തുടക്കമിട്ട റെയ്‌മണ്ട്. ഒരു കാലത്ത് റെയ്‌മണ്ട് മാന്‍ എന്നറിയപ്പെട്ടിരുന്ന സര്‍വ്വ സൗഭാഗ്യങ്ങളും കൂട്ടിനുള്ള ഒരു ബിസിനസുകാരന്‍ ആയിരുന്നു സിംഘാനി.
എന്നാല്‍ സൗഭാഗ്യങ്ങളും പരിവാരങ്ങളും ഒന്നും ഇന്ന് സിംഘാനിക്കൊപ്പമില്ല. വാടകവീട്ടില്‍ താമസം. സ്വന്തമായി വാഹനമില്ല. 36നില കെട്ടിടത്തിന്റെ ഉടമയായിരുന്ന സിംഘാനിയയുടെ അവസ്ഥ ഇന്ന് ഇങ്ങനെയൊക്കെയാണ്. കോടികളുടെ ആസ്‌തിയുള്ള ബിസിനിസ്സ് അധികായനെ ഈ അവസ്ഥയിലെത്തിച്ചത് ആരാണെന്ന ചോദ്യത്തിന്റെ ഉത്തരം ഏതൊരാളെയും അമ്പരപ്പിക്കുന്നതാണ്.
ബിസിനസ് സാമ്രാജ്യം മകന് കൈമാറിയതോടുകൂടിയാണ് തന്റെ കഷ്ടകാലം തുടങ്ങിയതെന്ന്‌് സിംഘാനിയ പറയുന്നു. ഇന്ന് മകന്‍ ഗൗതം സിംഘാനിയ ആണ് റെയ്‌മണ്ട് ലിമിറ്റഡും 36 നില കെട്ടിടവുമടക്കമുള്ള സര്‍വ സ്വത്തുക്കളും കൈവശം വച്ചിരിക്കുന്നത്.
ജെ.കെ ഹൗസില്‍ അവകാശം ലഭിക്കണമെന്നാവശ്യപ്പെട്ട് സിംഘാനിയ അടുത്തിടെ മുംബൈ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ജെ.കെ ഹൗസില്‍ സിംഘാനിയക്ക് അവകാശമുണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ സൂക്ഷിച്ചിരുന്ന റെയ്‌മണ്ട് കമ്പനിയിലെ രണ്ട് തൊഴിലാളികളെ കാണാനില്ലെന്നും ഇതിന് പിന്നില്‍ മകനാണെന്നുമായിരുന്നു പരാതി.
കുടുംബ സ്വത്തായ ജെ.കെ ഹൗസ് നവീകരിച്ച ശേഷം നിശ്ചിത ആളുകള്‍ക്ക് കണക്കു പ്രകാരം കൈമാറാമെന്ന് തീരുമാനിച്ചിരുന്നു. എന്നാല്‍ ഇത് മകന്‍ ഗൗതമാണ് ഇപ്പോള്‍ കൈവശം വച്ചിരിക്കുന്നത്. ജെ.കെ ഹൗസില്‍ അവകാശവാദമുന്നയിച്ച് സിംഘാനിയുടെ സഹോദരിയും ഒരു സഹോദരനും കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുകയാണ്.
സിംഘാനിയുടെ സ്വത്തുക്കളെല്ലാം മകന്‍ ഗൗതം തട്ടിയെടുക്കുകയായിരുന്നെന്നും. രേഖകളെല്ലാം കൃത്രിമമായി നിര്‍മിച്ചാണ് സ്വത്തുക്കള്‍ കൈവശം വച്ചിരിക്കുന്നതെന്നും അഭിഭാഷകനായ ദിന്‍യാര്‍ മഡോണ്‍ മാധ്യമങ്ങളോട് പറഞ്ഞു. ജെ.കെ ഹൗസിലെ 27ഉം 28ഉം നിലകള്‍ വിട്ടുതരണമെന്നും മാസം ഏഴ് ലക്ഷം രൂപ ജീവനാംശം തരണമെന്നും ആവശ്യപ്പെട്ടാണ് സിംഘാനി ഹര്‍ജി നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രശ്‌നം കോടതിക്ക് പുറത്ത് പരിഹരിക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ ആഗസ്‌ത് 18ന് മുമ്പായി അറിയക്കാന്‍ റെയ്‌മണ്ട് കമ്പനിക്ക് കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.
