അതിര്‍ത്തിയിലെ മതില്‍ നിര്‍മ്മാണത്തെ ചൊല്ലി മെക്സിക്കന്‍ അമേരിക്കന്‍ ബന്ധം വഷളാകുന്നു. മതില്‍ കെട്ടാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് മെക്സിക്കന്‍ പ്രസിഡന്‍റ് അമേരിക്കന്‍ സന്ദര്‍ശനം ഉപേക്ഷിച്ചു. ഇതിന് പിന്നാലെ മതില്‍ നിര്‍മ്മാണത്തിന് പണംകണ്ടെത്താന്‍ മെക്സിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ ഇറക്കുമതി തീരുവ ചുമത്തുമെന്ന് ഡോണള്‍ഡ്ട്രംപ് വ്യക്തമാക്കി. 20 ശതമാനം നികുതി ഏര്‍പ്പെടുത്തി പ്രതിവര്‍ഷം 100 കോടി ഡോളര്‍ കണ്ടെത്താനാകുമെന്നാണ് കണക്കുകൂട്ടല്‍. വൈറ്റ് ഹൗസ് വക്താവാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

അമേരിക്കന്‍ പ്രസിഡന്‍റായി ചുമതല ഏറ്റതിന് പിന്നാലെ മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മ്മിക്കാന്‍ ഇത്തരവ് ഒപ്പിട്ട ട്രംപിന്‍റെ നടപടിയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയത്. അനധികൃത കുടിയേറ്റം തടയാന്‍ മതില്‍ നിര്‍മ്മിക്കുമെന്നു വ്യക്തമാക്കിയ ട്രംപ്, ഇതിന് ചെലവാകുന്ന പണം മെക്സിക്കോ നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം മെക്സിക്കോ തള്ളിയതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്.

മതില്‍ നിര്‍മ്മിച്ച് കൊണ്ടുള്ള അതിര്‍ത്തി വിഭജനത്തില്‍ വിശ്വാസമില്ലെന്ന് വ്യക്തമാക്കിയ മെക്സിക്കന്‍ പ്രസിഡന്‍റ് എന്‍‍റിഖേ പെന നീറ്റോ തൊട്ടു പിന്നാലെ അടുത്താഴ്ച നടക്കാനിരുന്ന അമേരിക്കന്‍ സന്ദര്‍ശനം റദ്ദാക്കി. ഇതോടെയാണ് നിലപാട് കടുപ്പിച്ച് അമേരിക്കയും രംഗത്തെത്തിയത്. മതില്‍ നിര്‍മ്മാണത്തിന്‍റെ ചെലവ് നല്‍കാന്‍ മെക്സിക്കോ തയ്യാറായില്ലെങ്കില്‍ മെക്സിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ ഇറക്കുമതി തീരുവ ചുമത്തി പണം കണ്ടെത്തുമെന്ന് വൈറ്റ്ഹൗസ് വ്യക്തമാക്കി. അമേരിക്കയുമായി നല്ല ബന്ധം സൂക്ഷിക്കാന്‍ മെക്സിക്കോ തയ്യാറായില്ലെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലേക്ക് നീങ്ങുമെന്ന മുന്നറിയിപ്പും അമേരിക്ക നല്‍കിയിട്ടുണ്ട്.

നികുതി വധിപ്പിക്കുന്നതിലൂടെ പ്രതിവര്‍ഷം പത്ത് ബില്ല്യണ്‍ ഡോളറിന്‍റെ നേട്ടമുണ്ടാക്കാമെന്നാണ് കണക്ക്. നിയമവിദഗ്ദരുമായി കൂടിയാലോചന നടത്തിയ ശേഷമാണ് ട്രംപിന്റെ പുതിയ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അധികാരമേറ്റതിന് പിന്നാലെ ലോകരാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ട്രിപ് നീക്കമാരംഭിച്ചതിനിടയിലാണ് അമേരിക്ക മെക്സിക്കോ ബന്ധം മോശം അവസ്ഥയിലേക്ക് നീങ്ങുന്നത്. ഇത്തരത്തില്‍ മതില്‍ നിര്‍മ്മിക്കുമെന്നത് ട്രംപിന്‍റെ പ്രധാന തെരെഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു.