ഈ വര്‍ഷത്തെ പ്ലസ് ടു, വൊക്കേഷനല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷാഫലങ്ങള്‍ പ്രഖ്യാപിച്ചു. പ്ലസ് ടുവിന് 80.94 ശതമാനമാണ് വിജയം. കഴിഞ്ഞവര്‍ഷത്തേക്കാള്‍ മൂന്ന് ശതമാനം കുറവാണിത്. 9870 വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു. 125 പേര്‍ 1200ല്‍ 1200മാര്‍ക്കും നേടി. മുഴുവന്‍ എ പ്ലസ് കിട്ടിയവരില്‍ 70 ശതമാനവും പെണ്‍കുട്ടികളാണ്. 6905 പെണ്‍കുട്ടികളാണ് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയത്. 70 സ്കൂളുകള്‍ നൂറുമേനി വിജയം കരസ്ഥമാക്കി. കണ്ണൂര്‍ ജില്ലയിലാണ് ഏറ്റവും ഉയര്‍ന്ന വിജയ ശതമാനം (84.86). കുറവ് പത്തനംതിട്ടയിലാണ് (72.4). വിജയശതമാനം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറഞ്ഞത് എന്തുകൊണ്ടാണെന്ന് അന്വേഷിക്കുമെന്ന് ഹയര്‍ സെക്കണ്ടറി ഡയറക്ടര്‍ അറിയിച്ചു.

87.72 ശതമാനമാണ് വൊക്കേഷനല്‍ ഹയര്‍സെക്കണ്ടറി പരീക്ഷായിലെ വിജയം. പാലക്കാട് ജില്ലയിലാണ് വിഎച്ച്എസ്ഇ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ വിജയം. ഈ വിഭാഗത്തിലും കുറവ് പത്തനംതിട്ട ജില്ലയില്‍ തന്നെയാണ്. result.kerala.gov.in, prd.kerala.gov.in, kerala.gov.in എന്നീ വെബ്സൈറ്റുകളിലൂടെ പരീക്ഷാഫലം പരിശോധിക്കാം. സേ പരീക്ഷ ജൂണ്‍ രണ്ടുമുതല്‍ എട്ടുവരെ നടക്കും. പുനര്‍മൂല്യനിര്‍ണ്ണയത്തിനുള്ള അപേക്ഷകളുടെ എണ്ണം കുറയ്ക്കാനായി ഇത്തവണ ഉത്തരസൂചികകള്‍ നേരത്തേതന്നെ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയിരുന്നു. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ വിദ്യാഭ്യാസ മന്ത്രിക്ക് പകരം ചീഫ് സെക്രട്ടറിയാണ് പരീക്ഷാഫലം പ്രഖ്യാപിച്ചത്.