അടുത്തവർഷം കമ്മീഷനിംഗ് നടക്കാനിരിക്കെയായിരുന്നു ദുരന്തം ഷീ പിയാൻ ഷീ നാംനോയ് എന്ന ജലവൈദ്യുത പദ്ധതിയാണ് കനത്ത മഴയിൽ തകർന്നത്

ലാവോസ്: തെക്കനേഷ്യൻ രാജ്യമായ ലാവോസിൽ നിർമാണത്തിലിരുന്ന ഡാം തകർന്ന് നിരവധി പേർ മരിച്ചു. നൂറുകണക്കിന് പേരെ കാണാതായി. ആറായിരത്തിലധികം പേര്‍ക്ക് വീട് നഷ്ടമായി. ഹോളിവുഡ് സിനിമകൾക്ക് സമാനമായ സാഹചര്യം നേരിട്ട് കണ്ടതിന്റെ ഞെട്ടലിലായിരുന്നു ലാവോസ്. എങ്ങും കുത്തിയൊഴുകുന്ന വെള്ളം. അതുവരെ സമ്പാദിച്ചതെല്ലാം നിമിഷനേരത്തിനുള്ളില്‍ ആ വെള്ളത്തിനടിയിലായി. 

ജലവൈദ്യുത പദ്ധതികൾക്ക് നിർണായക സ്ഥാനമുള്ള രാജ്യത്ത്, നിർമാണം 90 ശതമാനവും പൂർത്തിയായ ഡാമിന്റെ തകർച്ചയാണ് ജനങ്ങളെ കണ്ണീരിലാക്കിയത്. ഷീ പിയാൻ ഷീ നാംനോയ് എന്ന ജലവൈദ്യുത പദ്ധതിയാണ് കനത്ത മഴയിൽ തകർന്നത്. വിള്ളൽ കണ്ടെത്തി മണിക്കൂറുകൾക്കകം തകർന്നതോടെ പ്രളയത്തിന് സമാനമായ സ്ഥിതിയിലാണ് ലാവോസിലെ അട്ടാപ്യൂ പ്രവിശ്യ. വെള്ളപ്പൊക്കത്തിൽ നൂറു കണക്കിന് പേരെ കാണാതായിട്ടുണ്ട്. 

കുട്ടികൾ ഉൾപ്പെടെ നിരവധി പേർ മരിച്ചു. പലയിടത്തും രക്ഷാപ്രവർത്തകർക്ക് എത്തിച്ചേരാനായിട്ടില്ല. വീടുകൾക്ക് മുകളിലും മറ്റുമായി നിരവധി പേർ കുടുങ്ങി കിടക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ഹെലികോപ്ടറുകളുടെ സഹായത്തോടെ ഇവരെ രക്ഷിക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. ലാവോസ്, തെക്കൻ കൊറിയ, തായ്‍ലൻഡ് പങ്കാളിത്തത്തിലുള്ള ഡാമാണ് തകർന്നത്. അടുത്തവർഷം കമ്മീഷനിംഗ് നടക്കാനിരിക്കെയായിരുന്നു ദുരന്തം.