ഇടുക്കി: ഇടുക്കിയിലെ കട്ടപ്പനക്കു സമീപം വീട്ടിൽ സൂക്ഷിച്ചിരുന്ന മ്ലാവിൻ കൊമ്പുകൾ പൊലീസ് പിടികൂടി. കട്ടപ്പന കൈരളിനഗറിൽ താമസിക്കുന്ന തോണേക്കരയിൽ ടോമി ചാക്കോയുടെ വീട്ടിൽ നിന്നാണിവ കസ്റ്റഡിയിലെടുത്തത്. ടോമിയുടെ വീട്ടിൽ മ്ലാവിന്‍റെ കൊമ്പുകൾ സൂക്ഷിച്ചിരിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതേത്തുടർന്ന് കട്ടപ്പന എസ്.ഐ. ടി.സി.മുരുകന്‍റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണിവ കണ്ടെത്തിയത്.
കാഞ്ഞിരപ്പള്ളിയിലെ ഒരു വീട്ടിൽ പെയ്ൻറിംഗ് ജോലിക്കു പോയപ്പോൾ അവിടെ നിന്നും എടുത്തു കൊണ്ടു വന്നതാണിതെന്നാണ് ടോമി പൊലീസിനോടു പറഞ്ഞത്. 67 സെൻറീമീറ്റർ വീതം നീളമുള്ളതാണ് രണ്ടു കൊന്പുകളും. പ്രതിയെയും കൊമ്പുകളും പൊലീസ് വനപാലകർക്ക് കൈമാറി. മ്ലാവിനെ വേട്ടയാടിയത് ആരാണെന്നും എവിടെ നിന്നാണെന്നുമുള്ള കാര്യങ്ങൾ അന്വേഷിക്കുമെന്ന് വനപാലകർ പറഞ്ഞു.
