കാട്ടാക്കട: മലയിന്‍കീഴ് ഓട്ടോ ഡ്രൈവര്‍ മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. മലയിന്‍കീഴ് വെള്ളൈക്കടവ് ദേവീ വില്ലയില്‍ ബിജു വിശ്വനാഥന്‍ (38) മരിച്ച സംഭവമാണ് കൊലപാതകമെന്ന് തെളിഞ്ഞത്. കെട്ടിടത്തില്‍ നിന്ന് വീണുവെന്ന് പറഞ്ഞ് അജ്ഞാതര്‍ ബിജുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിക്കുകയും പിന്നീട് മരണം സംഭവിക്കുകയുമായിരുന്നു. ബിജുവിനെ കൊന്നത് കാമുകിയും ഭര്‍ത്താവും കൂട്ടാളികളും ചേര്‍ന്നാണെന്ന് തെളിഞ്ഞു.
കഴിഞ്ഞ 24ന് രാവിലെയാണ് അജ്ഞാതര്‍ ബിജുവിനെ മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. പിന്നീട് ബിജു മരണത്തിന് കീഴടങ്ങി. ബിജുവിന്റെ കാമുകിയുടെ ഭര്‍ത്താവ് മനുവും സുഹൃത്തുക്കളായ ഗുണ്ടകളും ചേര്‍ന്നാണ് ബിജുവിനെ കൊലപ്പെടുത്തിയത്. തന്റെ ഭാര്യയ്ക്ക് ബിജുവുമായി അവിഹിതബന്ധമുണ്ടെന്ന് മനസിലാക്കിയ മനു തന്റെ സുഹൃത്തുക്കളും ഗുണ്ടകളുമായ ബിജു, അന്‍സാരി, ഭരത്കുമാര്‍ എന്നിവരുടെ സഹായത്തോടെയാണ് കൊലപാതകം ആസൂത്രണം ചെയ്തത്.
വേളിയിലുള്ള വീട്ടില്‍ ഭാര്യയോടൊപ്പം ബിജു ഉണ്ടെന്നറിഞ്ഞ് സംഘം അര്‍ദ്ധരാത്രിയോടെ വീട്ടിലെത്തി ബിജുവിനെ കൂട്ടിക്കൊണ്ട് പോകുകയായിരുന്നു. ബിജുവിനെ ഓട്ടോയില്‍ കയറ്റിക്കൊണ്ട് പോയി അരുവിപ്പുറം ആറിനോട് ചേര്‍ന്നുള്ള ആളൊഴിഞ്ഞ പാറക്കെട്ടില്‍ കൊണ്ടുപോയി കൈയും കാലും തല്ലിയൊടിച്ചു. ശരീരത്തിന്റെ പിന്‍ഭാഗത്ത് ഉരുമ്പ് ദണ്ഡ് കൊണ്ട് ഉരുട്ടിയും പീഡിപ്പിച്ചു.
ബിജുവിനെ പീഡിപ്പിക്കുന്ന സമയമത്രയും ഞാന്‍ നിന്‍റെ കാമുകനെ കൊന്നു എന്ന് മനു ഭാര്യയെ വിളിച്ചു പറയുന്നുണ്ടായിരുന്നു. പുലര്‍ച്ചെ എഴോടെ മരണാസന്നനായ ബിജുവിനെ കെട്ടിടത്തില്‍ നിന്ന് വീണുവെന്ന് പറഞ്ഞ് ആശുപത്രിയില്‍ എത്തിക്കാന്‍ ഏര്‍പ്പാട് ചെയ്ത ശേഷം പ്രതികള്‍ ഒളിവില്‍ പോകുകയായിരുന്നു. തുടര്‍ന്ന് ഷാഡോ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്.
നിരവധി കേസുകളില്‍ പ്രതിയായ മുരുകന്‍ എന്ന് വിളിക്കുന്ന രതീഷിന്റെ വീട്ടിലും സമീപത്തെ വനത്തിലുമാണ് പ്രതികള്‍ ഒളിവില്‍ കഴിഞ്ഞത്. രക്ഷപെടാനായി ഇവര്‍ ഉപയോഗിച്ച വാഹനവും പോലീസ് കണ്ടെടുത്തു.
