നിയമലംഘകരായ കുട്ടി ഡ്രൈവര്‍മാരുടെ കാര്യത്തില്‍ കര്‍ക്കശ നിലപാട് സ്വീകരിച്ചിരിക്കുകയാണ്  പൊലീസ്.

തെലങ്കാന: ലൈസന്‍സ് ഇല്ലാത്തത് പോയിട്ട് ലൈസന്‍സ് കിട്ടാനുള്ള പ്രായം പോലും ഇല്ലാത്ത കൊച്ചുകുട്ടികള്‍ ബൈക്കും കാറുമൊക്കെ ഓടിക്കുന്ന കാഴ്ചകള്‍ അത്ര അപൂര്‍വമല്ല നമ്മുടെ നാട്ടില്‍. എന്നാല്‍ നിയമലംഘകരായ കുട്ടി ഡ്രൈവര്‍മാരുടെ കാര്യത്തില്‍ കര്‍ക്കശ നിലപാട് സ്വീകരിച്ചിരിക്കുകയാണ് തെലങ്കാന പൊലീസ്.

കുട്ടികള്‍ ഇരുചക്ര വാഹനങ്ങള്‍ ഓടിച്ച കുറ്റത്തിന് പത്ത് മാതാപിതാക്കള്‍ക്കാണ് സംസ്ഥാനത്ത് ജയില്‍ ശിക്ഷ വിധിച്ചത്. കുട്ടികള്‍ ഓടിക്കുന്ന വാഹനങ്ങളുടെ ഉടമകള്‍ക്കും കുട്ടികളുടെ രക്ഷിതാക്കള്‍ക്കും മോട്ടോര്‍ വാഹന നിയമം 180-ാം വകുപ്പ് പ്രകാരം ഒരു ദിവസത്തെ തടവാണ് കോടതി വിധിച്ചത്. ഇതിന് പുറമെ 500 രൂപ പിഴയും ഈടാക്കി. വാഹനം ഓടിച്ച ഒരു 14 വയസുകാരനെ ഒരു ദിവസം ജുവനൈല്‍ ഹോമില്‍ പാര്‍പ്പിക്കാനും കോടതി ഉത്തരവിട്ടു.

പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനമോടിക്കുന്നതിനെതിരെ കര്‍ശന നടപടിയെടുക്കുന്ന കാമ്പയിന്‍ ഫെബ്രുവരി അവസാന വാരത്തിലാണ് തെലങ്കാന പൊലീസ് ആരംഭിച്ചത്. ആദ്യ ദിവസം തന്നെ 200ഓളം കുട്ടി ഡ്രൈവര്‍മാര്‍ പിടിയിലായി. ഇതില്‍ നാല് പേരുടെ രക്ഷിതാക്കള്‍ക്ക് അന്ന് തന്നെ ജയില്‍ ശിക്ഷ കിട്ടി. തുടര്‍ന്ന് എല്ലാ ദിവസവും നിരവധി കുട്ടികളെയാണ് പൊലീസ് പിടികൂടുന്നത്.