വാടകയ്ക്ക് പകരം മകളെ വിവാഹം ചെയ്ത് നല്‍കാന്‍ ശ്രമം പെണ്‍കുട്ടിയെ രക്ഷിച്ച് പൊലീസ്

ഹൈദരാബാദ്: പതിനനഞ്ചുവയസ്സുകാരിയെ ഭിന്നശേഷിയുള്ള 38കാരന് വിവാഹം ചെയ്ത് നല്‍കാനുള്ള ശ്രമം പൊലീസ് തടഞ്ഞു. പത്താംക്ലാസ് പരീക്ഷയില്‍ മികച്ച വിജയം പ്രതീക്ഷിക്കുന്ന പെണ്‍കുട്ടിയെയാണ് വാടക നല്‍കാത്തതിന് പകരമായി വീട്ടുടമസ്ഥന്‍റെ ഭിന്നശേഷിയുള്ള മാകന് വിവാഹം ചെയ്ത് നല്‍കാന്‍ ശ്രമിച്ചത്. വരന്‍ രമേശ് ഗുപ്തയ്ക്ക് നടക്കാനോ എഴുന്നേറ്റ് നില്‍ക്കാനോ ആകില്ല. രക്ഷിതാക്കള്‍ നല്‍കിയ ഒരു മെക്കാനിക് കട നോക്കി നടത്തുകയാണ് ഇയാള്‍. 

വീട്ടുവാടക നല്‍കാത്തതിനെ തുടര്‍ന്ന് പണം നല്‍കുകയോ ഭിന്നശേഷിക്കാരനായ മകന്, വാടകക്കാരുടെ മകളെ വിവാഹം ചെയ്ത് നല്‍കുകയോ ചെയ്യണമെന്നായിരുന്നു ഉടമ ആവശ്യപ്പെട്ടത്. പണം നല്‍കാന്‍ ഗതിയില്ലാത്ത കുടുംബം മകളെ വിവാഹം ചെയ്ത് നല്‍കാന്‍ തീരുമാനിച്ചു. എന്നാല്‍ വിവാഹം തീരുമാനിച്ച ഹൈദരാബാദിലെ ക്ഷേത്രത്തില്‍ ആചാരങ്ങള്‍ നടക്കുന്നതിനിടെയാണ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്. 

തങ്ങളെ ജീവിക്കാന്‍ സഹായിച്ചതും ഹൈദരാബില്‍ താമസമടക്കമുള്ള ജീവിത സൗകര്യങ്ങള്‍ നല്‍കി വന്നിരുന്നതും രമേശിന്‍റെ കുടുംബമാണെന്നും അതിനാല്‍ മകളെ വിവാഹം ചെയ്ത് നല്‍കാമെന്ന് അവള്‍ 9 ല്‍ പഠിക്കുമ്പോള്‍ സമ്മതിച്ചതാണെന്നും പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. പെണ്‍കുട്ടിയും ഇത് സമ്മതിച്ചിരുന്നുവെന്നും അവര്‍ വ്യക്തമാക്കി. എന്നാല്‍ അസ്വസ്ഥനായ പെണ്‍കുട്ടിയുടെ പിതാവ് വിവാഹ തലേന്ന് വീട് വിട്ട് പോയിരുന്നു. 

ഒഡീഷയില്‍നിന്ന് ജോലിക്കായി എത്തിയവരാണ് പെണ്‍കുട്ടിയുടെ കുടുംബം. ശിശുക്ഷേമ സമിതി അംഗങ്ങളും പൊലീസും ചേര്‍ന്ന് രക്ഷപ്പെടുത്തിയ പെണ്‍കുട്ടി ഇപ്പോള്‍ വനിതാ സംരക്ഷണ കേന്ദ്രത്തിലാണ്. ശൈശവ വിവാഹം തടയല്‍ നിയമപ്രകാരം രമേശിനും ഇയാളുടെ രക്ഷിതാക്കള്‍ക്കുമെതിരെ പൊലീസ് കേസെടുത്തു.