ക്ഷേത്രഗീതങ്ങള്‍ക്കെതിരെ വ്യാജപോസ്റ്റ്: മുന്നറിയിപ്പുമായി ഹൈദരലി തങ്ങള്‍

First Published 1, Apr 2018, 3:55 PM IST
hyderali shihab thangal fb post
Highlights
  • ആരാധനാലയങ്ങളിലെ പ്രാര്‍ത്ഥനകളെ പരസ്പര വിദ്വേഷത്തിനു വേണ്ടി കാണുന്നവരല്ല മതവിശ്വാസികള്‍. നാട്ടില്‍ സമാധാനാന്തരീക്ഷം തകര്‍ത്ത് വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാനുള്ള ശ്രമമാണ് ഇതിനു പിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നു

മലപ്പുറം: തന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജഫേസ്ബുക്ക് പോസ്റ്റിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി മുസ്ലീംലീഗ് സംസ്ഥാന അധ്യക്ഷന്‍ സയ്യീദ് ഹൈദരലി ശിഹാബ് തങ്ങള്‍. ക്ഷേത്രങ്ങളില്‍ ശബ്ദത്തില്‍ പാട്ട് വയ്ക്കുന്നതിനെ എതിര്‍ത്തും അത് തടയണമെന്നാവശ്യപ്പെട്ടും ഹൈദരലി തങ്ങളുടെ ചിത്രം സഹിതം ഒരു പോസ്റ്റ് കഴിഞ്ഞ കുറച്ചു കാലമായി നവമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. ഇതിനെതിരെയാണ് അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നത്. 

ആരാധനാലയങ്ങളിലെ പ്രാര്‍ത്ഥനകളെ പരസ്പര വിദ്വേഷത്തിന് വേണ്ടി കാണുന്നവരല്ല മതവിശ്വാസികളെന്നും നാട്ടിലെ സമാധാനന്തരീക്ഷം തകര്‍ത്ത് വര്‍ഗ്ഗീയ സംഘര്‍ഷമുണ്ടാക്കാനുള്ള ശ്രമമാണോ ഇതിനു പിന്നിലെന്ന് സംശയിക്കുന്നതായും തന്റെ ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ച പോസ്റ്റില്‍ ഹൈദരലി തങ്ങള്‍ പറയുന്നു.

സയ്യീദ് ഹൈദരലി ശിഹാബ് തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റ്....

മതവിശ്വാസികളുടെ ആരാധനകളെ പരസ്പരം വെറുപ്പുളവാക്കുന്നതായി ചിത്രീകരിച്ച് ഒരു വ്യാജപോസ്റ്റ് പ്രചരിക്കുന്നതായി അറിയാന്‍ സാധിച്ചു. ക്ഷേത്രങ്ങളിലെ പ്രഭാതഗീതം ഇതര മതവിശ്വാസികള്‍ക്ക് ബുദ്ധിമിട്ടുണ്ടാക്കുന്നതായും ഇതു നിര്‍ത്തുന്നതിനെ കുറിച്ച് ഹിന്ദു സമൂഹം ചിന്തിക്കണമെന്നുമാണ് എന്റെ പേരില്‍ വ്യാജ പ്രസ്താവനയുണ്ടാക്കിയിരിക്കുന്നത്. ഇതില്‍ ആരും വഞ്ചിതരാവരുത്. 

ആരാധനാലയങ്ങളിലെ പ്രാര്‍ത്ഥനകളെ പരസ്പര വിദ്വേഷത്തിനു വേണ്ടി കാണുന്നവരല്ല മതവിശ്വാസികള്‍. നാട്ടില്‍ സമാധാനാന്തരീക്ഷം തകര്‍ത്ത് വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാനുള്ള ശ്രമമാണ് ഇതിനു പിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പരസ്പര സൗഹാര്‍ദത്തോടെ കഴിയുന്ന സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്നതിനു വേണ്ടി സാമൂഹമാധ്യമങ്ങളെ ഉപയോഗപ്പെടുത്തുന്നത് ഖേദകരമാണ്. 

ആയതിനാല്‍ ഇത്തരം വ്യാജ പ്രചാരണങ്ങളെ തിരിച്ചറിയണമെന്നും നാടിന്റെയും സമൂഹത്തിന്റേയും പരസ്പര സൗഹാര്‍ദ്ധവും സ്നേഹവും മൈത്രിയും കാത്തുസൂക്ഷിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും ഉണര്‍ത്തുന്നു.

-സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ പാണക്കാട്

 

loader