ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോകനേതാക്കളുമായുള്ള ആലിംഗനത്തെ പരിഹസിച്ച് കോണ്‍ഗ്രസ് വീഡിയോ പുറത്തിറക്കിയതിനെതിര വൈകാരികമായി പ്രതികരിച്ച് പ്രധാനമന്ത്രി. താനൊരു സാധാരണക്കാരനാണെന്നും കീഴ്വഴക്കങ്ങളും ഔപചാരികതയും കൂടുതല്‍ അറിയില്ലെന്നുമായിരുന്നു മോദിയുടെ പ്രതികരണം. 

ജനങ്ങളും നേതാക്കളും ഇഷ്ടപ്പെടുന്നത് എന്‍റെ ഈ തുറന്ന മനസാണെന്നും മോദി പറഞ്ഞു. അതുകൊണ്ടാണ് എല്ലാവരുമായി സൗഹൃദം ഉണ്ടാകുന്നതെന്നും സീ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. പ്രോട്ടോക്കോളനുസരിച്ച് എനിക്ക് ഹസ്തദാനങ്ങള്‍ ലഭിക്കും. അത് ഞാന്‍ പരിശീലിച്ചിട്ടില്ല. രാജ്യത്തിന് ഒരു ദോഷവും വരുന്നില്ലെന്ന് ഉറപ്പുവരുത്താനുള്ള ശ്രമങ്ങള്‍ എന്നു ഞാന്‍ നടത്താറുണ്ട്. 

ഗുജറാത്തിന് പുറത്ത് തനിക്ക് ഒന്നും അറിയില്ലെന്ന ആരോപണമായിരുന്നു ഞാന്‍ പ്രധാനമന്ത്രിയായതു മുതല്‍ ഏറ്റുവാങ്ങിയത്. എന്നാല്‍ ഈ അറിവില്ലായ്മ തനിക്ക് ഗുണമായി മാറിയിട്ടുണ്ട്. വിദേശ നേതാക്കളോടൊപ്പം ഞാന്‍ നില്‍ക്കുന്നത് മോദിയായിട്ടല്ല. ഇന്ത്യയിലെ ജനങ്ങളുടെ പ്രതിനിധിയായിട്ടാണ്. കഷ്ടകാലങ്ങളെ അവസരമാക്കി മാറ്റാന്‍ ശ്രമിക്കുന്നതാണ് എന്‍റെ നിലവില്‍പ്പെന്നും മോദി മനസുതുറന്നു.