ദില്ലി:  പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തിപരമായി അഴിമതി നടത്തിയതിന്റെ വിവരം തന്റെ പക്കല്‍ ഉണ്ടെന്നും താന്‍ പറഞ്ഞത് കേട്ട് മോദി ഞെട്ടിയെന്നും കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. ഇതറിയാവുന്നത് കൊണ്ടാണ് ബിജെപി തന്നെ സംസാരിക്കാന്‍ അനുവദിക്കാത്തതെന്നും രാഹുല്‍ഗാന്ധി കുറ്റപ്പെടുത്തി.

 

കള്ളപ്പണം വെളുപ്പിക്കുന്ന ഏജന്റുമാരായി കോണ്‍ഗ്രസ് നേതാക്കള്‍ മാറിയെന്ന് ബിജെപി പാര്‍ലമെന്റില്‍ ആരോപിച്ചു. സമവായം ഉണ്ടാവാത്ത സാഹചര്യത്തില്‍ രണ്ടു സഭകളും ഇന്നും തടസ്സപ്പെട്ടു. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി അഴിമതി നടത്തി. ഇതിനുള്ള തെളിവും ഉണ്ട്. ഇത് ലോക്‌സഭയില്‍ വയ്ക്കാന്‍ അനുവദിക്കുന്നില്ല.

ലോക്‌സഭ പിരിഞ്ഞ ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് രാഹുല്‍ പ്രധാനമന്ത്രിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചത്. എന്ത് അഴിമതിയാണെന്ന് വിശദീകരിക്കാത്ത രാഹുല്‍ ഇത് ലോക്‌സഭയില്‍ പറയുമെന്ന് വ്യക്തമാക്കി. മറ്റു പ്രതിപക്ഷ നേതാക്കള്‍ക്കൊപ്പമാണ് രാഹുല്‍ മാധ്യമങ്ങളെ കണ്ടത്. 

തെളിവില്ലാതെ ആരോപണം ഉന്നയിക്കുന്ന രാഹുല്‍ ഗാന്ധി തട്ടിപ്പുക്കാരനാണെന്ന് ബിജെപി പ്രതികരിച്ചു. ലോക്‌സഭയില്‍ ഇന്നും ഇരുപക്ഷവും ഏറ്റുമുട്ടി. കോണ്‍ഗ്രസിന്റെ ഉള്‍പ്പടെ ചില പ്രാദേശിക നേതാക്കള്‍ കള്ളപ്പണം വെളുപ്പിക്കാന്‍ കമ്മീഷന്‍ വാങ്ങുന്ന ദൃശ്യങ്ങള്‍ ഒരു ഹിന്ദി ചാനല്‍ പുറത്തു വിട്ടത് ചൂണ്ടിക്കാട്ടിയാണ് ബിജെപി കോണ്‍ഗ്രസിനെ നേരിട്ടത്.