കൊച്ചി: കാസർകോട് നിന്നും കാണാതായ അഷ്ഫാഖ് വിദേശത്തേക്ക് കടന്നതും മുംബൈയില്‍ പിടിയിലായ അര്‍ഷി ഖുറേഷി വഴിയെന്ന് പൊലീസ്. അഷ്ഫാഖും ഖുറേഷിയും തമ്മിലുള്ള ടെലിഫോൺ വിളികളുടെ രേഖകൾ പൊലീസിന് ലഭിച്ചു .

താൻ ഐഎസിൽ ചേരുന്നുവെന്ന് സൂചിപ്പിക്കുന്ന തരത്തിലുള്ള സന്ദേശം അഷ്ഫാഖ് സഹോദരന് അയച്ചിരുന്നു . ഇതോടെ കേരളത്തില്‍ നിന്നും കാണാതായ 21പേർ ഒരുമിച്ചാണ് വിദേശത്തേക്ക് പോയതെന്ന് നിഗമനത്തിലാണ് പൊലീസ് . കൊച്ചി സ്വദേശി മെറിൻ ജേക്കബും സംഘത്തിലുണ്ടെന്ന് നിഗമനം .

സാകിര്‍ നായികിന്‍റെ ഇസ്ലാമിക് റിസര്‍ച് ഫൗണ്ടേഷനിലെ ഗെസ്റ്റ് റിലേഷന്‍സ് ഓഫിസര്‍ അര്‍ഷി ഖുറൈഷി (45), സഹായി കല്യാണ്‍ സ്വദേശി റിസ്വാന്‍ ഖാന്‍ (53) എന്നിവരെ കൊച്ചിയില്‍നിന്നുള്ള പൊലീസ് സംഘം നവിമുംബൈയിലെ നെരൂളില്‍ വച്ചാണ് അറസ്റ്റുചെയ്തത്. ഞായറാഴ്ച കൊച്ചിയിലത്തെിച്ച പ്രതികളെ തിങ്കളാഴ്ച വൈകുന്നേരമാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയത്. മെറിന്‍ ജേക്കബിനെ 2014 സെപ്റ്റംബറില്‍ മുംബൈയിലത്തെിച്ച് ഇസ്ലാമിലേക്ക് മതംമാറ്റിയെന്നാണ് പരാതിയിലായിരുന്നു അറസ്റ്റ്. സഹോദരന്‍ എബിന്‍ ജേക്കബാണ് പാലാരിവട്ടം പൊലീസില്‍ പരാതി നല്‍കിയത്.

കഴിഞ്ഞ മൂന്ന് ദിവസമായി ഇവരെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. മുംബൈയില്‍ ഇവരുടെ താമസ സ്ഥലത്തു നടത്തിയ തിരച്ചിലില്‍ കംപ്യൂട്ടറുകള്‍, മൊബൈല്‍ ഫോണുകള്‍, സി ഡികള്‍ തുടങ്ങി നിരവധി ഇക്ട്രോണിക്ക് ഉപകരണങ്ങള്‍ പൊലീസ് പിടിച്ചെടുത്തിരുന്നു. ഇവ ഇന്ന് ഹൈദരാബാദിലെ ഫോറന്‍സിക് ലാബില്‍ പരിശോധനയ്ക്കയക്കും. പരിശോധനാ ഫലം വരുന്നതോടെ മലയാളികളുടെ ഐ എസ് ബന്ധത്തെക്കുറിച്ച് കൂടുതല്‍ തെളിവു ലഭിക്കുമെന്നാണ് പൊലീസ് കരുതുന്നത്.