ഇടുക്കിയിലെ കട്ടപ്പനയിലും സദാചാര പൊലീസ് മോ‍ഡൽ ആക്രമണം നടന്നതായി പരാതി. സഹപാഠിയായ പെൺകുട്ടിയോട് സംസാരിച്ചതിന് ഈട്ടിത്തോപ്പ് സ്വദേശിയായ പതിനാറുകാരനാണ് മർദ്ദനമേറ്റതായി പരാതി ഉയർന്നിരിക്കുന്നത്.

തിങ്കളാഴ്ച വൈകിട്ട് നാലേകാലോടെയാണ് സംഭവം. ഇരട്ടയാറിലെ സ്വകാര്യ കോളജിൽ പ്ലസ് വണ്ണിനു പഠിക്കുന്ന കുട്ടിക്കാണ് മർദ്ദനമേറ്റത്. ഇയാൾ തന്റെ വസ്ത്രം വാങ്ങാൻ സുഹൃത്തിന്റെ വീട്ടിലേക്ക് പോകും വഴിയായിരുന്നു സംഭവം. മുൻ സഹപാഠിയും ഒരേ കോളേജിലെ വിദ്യാർത്ഥിനിയുമായ പെൺ സുഹൃത്തിനോട് കഴിഞ്ഞ പരീക്ഷയെ കുറിച്ച് സംസാരിക്കുന്നതിനിടെ പ്രദേശ വാസിയായ ഷാജി എന്നയാൾ സ്ഥലത്തെത്തി പെൺകുട്ടിയെ പറഞ്ഞുവിട്ട ശേഷം തന്നെ മർദ്ദിക്കുകയായിരുന്നുവെന്നാണ് കുട്ടി പറയുന്നത്.

ഇയാളിൽ നിന്നും രക്ഷപെട്ട് വീട്ടിലെത്തിയ കുട്ടിയെ മാതാപിതാക്കൾ കുട്ടിയെ നെടുംകണ്ടത്തെ താലൂക്ക് ആശുപതിയിലും പിന്നീട് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും എത്തിക്കുകയായിരുന്നു. കുട്ടിയുടെ പരാതിയിൽ ചൈൽഡ് ലൈൻ ഷാജിക്കെതിരെ കേസെടുത്തു. കട്ടപ്പന പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേ സമയം വഴിയിൽ ഏറെ നേരം സംസാരിച്ചു കൊണ്ടിരുന്ന കുട്ടികളെ പറഞ്ഞു വിടുക മാത്രമാണ് ചെയ്തതെന്നും മർദ്ദിച്ചിട്ടില്ലെന്നും ഷാജി പറഞ്ഞു.