ഇടുക്കി: ഇടുക്കിയിലെ ഭൂ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട്  ജനുവരി പത്തിനു ശേഷം ശക്തമായ സമരം ആരംഭിക്കാന്‍ ഹൈറേഞ്ച് സംരക്ഷണ സമിതി തീരുമാനിച്ചു.  സര്‍ക്കാര്‍ അധികാരത്തിലേറി ആറുമാസം കഴിഞ്ഞിട്ടും കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട്, ഉപാധിരഹിത പട്ടയം എന്നീ വിഷയങ്ങളില്‍ നടപടിയുണ്ടാകാത്തതിനെ തുടര്‍ന്നാണ് സമരം തുടങ്ങാന്‍ തീരുമാനിച്ചത്.

ഇടുക്കിയിലെ പ്രധാന പ്രശ്‌നങ്ങളായ ഉപാധിരഹിത പട്ടയം, കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് എന്നിവയില്‍ ആറു മാസത്തിനകം സര്‍ക്കാര്‍ തീരുമാനമുണ്ടാക്കുമെന്നായിരുന്നു സമിതിയുടെ വിശ്വാസം.  എന്നാല്‍ ആറു മാസം കഴിഞ്ഞിട്ടും യാതൊരു നടപടികളും ഉണ്ടായില്ല.  ഇതേത്തുടര്‍ന്നാണ് സമര പരിപാടികളെക്കുറിച്ച് ആലോചിക്കാനാണ് സമിതി ജനറല്‍ ബോഡി യോഗം ചേര്‍ന്നത്.  

ശക്തമായ സമരം വേണമെന്ന ആവശ്യമാണ് അംഗങ്ങള്‍ ഉന്നയിച്ചത്.  ജനുവരി പത്തിനു മുമ്പ് മുഖ്യമന്ത്രിയെയും എല്‍ഡിഎഫ് സംസ്ഥാന നേതാക്കളെയും കണ്ട് പ്രശ്‌നത്തിന്റെ ഗൗരവം ബോധ്യപ്പെടുത്താന്‍ യോഗം തീരുമാനിച്ചു.  അനുകൂലമായ നടപടി ആരംഭിച്ചില്ലെങ്കില്‍ ജനുവരി പത്തിനു ശേഷം ജില്ലയിലെ 50 കേന്ദ്രങ്ങളില്‍ സായാഹ്ന ധര്‍ണകള്‍ നടത്തി സര്‍ക്കാരിന്റെ അലംഭാവം ചൂണ്ടിക്കാട്ടും.  ഇതേ ആവശ്യങ്ങള്‍ ഉന്നയിച്ച് കഴിഞ്ഞ സര്‍ക്കാരിന്റെ വാര്‍ഷിക ദിനത്തില്‍ ഹര്‍ത്താല്‍ ഉള്‍പ്പെടെ നടത്തിയിരുന്നു.