ദില്ലി: ഒരു അണുബോംബ് ഉപയോ​ഗിച്ച് ഇന്ത്യയെ ആക്രമിച്ചാൽ ഇന്ത്യ 20 അണുബോംബുകള്‍ തിരിച്ച് പ്രയോ​ഗിച്ച് പാക്കിസ്ഥാനെ എന്നെന്നേക്കുമായി നശിപ്പിച്ച് കളയുമെന്ന് പാക് മുന്‍ പ്രസിഡന്റും മുന്‍ സൈനിക മേധാവിയുമായ പര്‍വേസ് മുഷറഫ്. ഇന്ത്യ-പാക് ബന്ധം വഷളായികൊണ്ടിരിക്കുകയാണെന്നും അതിനാൽ ഇന്ത്യയ്ക്കെതിരെ ഒരു അണുബോംബ് പ്രയോ​ഗിച്ചിട്ട് കാര്യമില്ലെന്നും മുഷറഫ് പറഞ്ഞതായി കറാച്ചി പത്രമായ ഡോൺ റിപ്പോർട്ട് ചെയ്യുന്നു. യുഎഇയില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് മുഷറഫ് ഇക്കാര്യം വ്യക്തമാക്കിയത്.   

ഇന്ത്യ-പാക് ബന്ധം വീണ്ടും വളരെ അപകടകരമായ അവസ്ഥയില്‍ എത്തിയിരിക്കുകയാണ്. ഒരു ആണവാക്രമണം ഉണ്ടാകാന്‍ പോകുന്നില്ല. നമ്മള്‍ ഒരു അണുബോംബിട്ട് ഇന്ത്യയെ ആക്രമിച്ചാല്‍ അവര്‍ 20 ബോംബിട്ട് നമ്മളെ മുഴുവനായി നശിപ്പിച്ച് കളയും. അതുകൊണ്ട് 50 അണുബോംബ് ഉപയോഗിച്ച് ആദ്യം ഇന്ത്യ‌യെ ആക്രമിക്കുക എന്നത് മാത്രമാണ് വഴി. അപ്പോള്‍ ഇന്ത്യയ്ക്ക് 20 ബോംബ് ഉപയോഗിച്ച് നമ്മളെ ആക്രമിക്കാനാവില്ല. 50 അണുബോംബ് ഉപയോഗിച്ച് ഇന്ത്യയെ ആദ്യം ആക്രമിക്കാന്‍ നിങ്ങള്‍ തയ്യാറാണോ എന്ന് പാക് ഭരണകൂടത്തോട് മുഷറഫ് ചോദിച്ചു.

പുല്‍വാമ ഭീകരാക്രണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ-പാക് ബന്ധം വഷളായ സാഹചര്യത്തിലായിരുന്നു മുഷറഫിന്റെ പരാമര്‍ശം. അതേസമയം ഇസ്രായേലിന് പാക്കിസ്ഥാനുമായി ബന്ധം സ്ഥാപിക്കാന്‍ താത്പര്യമുണ്ടെന്നും മുഷറഫ് പറഞ്ഞു. നിലവില്‍ യുഎഇയിലാണ് മുഷറഫ് ജീവിക്കുന്നത്. പാക്കിസ്ഥാനിലെ സാഹചര്യങ്ങള്‍ അനുകൂലമായാല്‍ രാജ്യത്തേയ്ക്ക് തിരികെ വരുമെന്ന് അദ്ദേഹം വ്യക്തമാക്കി. 

1999ല്‍ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫിനെ പുറത്താക്കി പട്ടാള അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്താണ് പര്‍വേസ് മുഷറഫ് പാക് പ്രധാനമന്ത്രിയായത്. 2008 വരെ പ്രസിഡന്റായി തുടര്‍ന്ന് മുഷറഫ് ആണവ അഴിമതി, ലാല്‍ മസ്ജിദ് വെടിവയ്പ് തുടങ്ങിയ ആരോപണങ്ങളിൽ വിധേയനായതിനെ തുടർന്ന് അധികാര സ്ഥാനത്ത് ദുര്‍ബലനാക്കുകയും ലണ്ടനിലേക്ക് കടക്കുകയുമായിരുന്നു.