ചൂലന്നൂര്‍: പ്രത്യേക സംരക്ഷിത മേഖലയായ പാലക്കാട്ടെ ചൂലന്നൂര്‍ മയില്‍ സങ്കേതത്തിന് ചുറ്റും പ്രവര്‍ത്തിക്കുന്നത് പതിമൂന്നോളം അനധികൃത ക്വാറികളും ക്രഷര്‍ യൂണിറ്റുകളും. ഇവയുടെ പ്രവര്‍ത്തനം അനുവദിക്കരുതെന്ന് അറിയിച്ച് പീച്ചി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ കത്ത് നല്‍കിയിട്ടും പഞ്ചായത്തുകള്‍ നടപടിയെടുത്തിട്ടില്ല. പാലക്കാട് ജില്ലയിലെ പെരിങ്ങോട്ടുകുറിശ്ശി , തരൂര്‍ , കുത്തന്നൂര്‍ പഞ്ചായത്തുകളിലും, തൃശൂര്‍ ജില്ലയിലെ തിരുവില്വാമല പഞ്ചായത്തിലുമായാണ് ചൂലന്നൂര്‍ മയില്‍ സങ്കേതം സ്ഥിതി ചെയ്യുന്നത്. 

മയിലുകൾക്ക് സുരക്ഷിതമായി വസിക്കാനും പ്രജനനത്തിനും വേണ്ടി 2007 ലാണ് കേന്ദ്ര- കേരള സർക്കാരുകൾ ഇവിടെ മയിൽ സങ്കേതമാക്കിയത്. ചൂലന്നൂരിന്‍റെ ആവാസ വ്യവസ്ഥയെ തകര്‍ത്താണ് സങ്കേതത്തിന് ചുറ്റുമുള്ള ക്വാറികളുടെ പ്രവര്‍ത്തനം. തിരുവില്വാമല പഞ്ചായത്തിലെ മലേശമംഗത്ത് ആണ് ഏറ്റവും അധികം ക്വാറികളുള്ളത്. ഫോറസ്റ്റ് ജെണ്ടയിട്ടതില്‍ നിന്നും മുപ്പത് മീറ്റര്‍ പോലും ദുരപരിധി പാലിക്കാത്ത ക്രഷറുകളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.

മയില്‍ സങ്കേതത്തിന് ചുറ്റളവില്‍ പ്രവര്‍ത്തിക്കുന്ന 13 ക്വാറി-ക്രഷര്‍ യൂണിറ്റുകള്‍ക്കും പ്രവര്‍ത്തനാനുമതി നിഷേധിക്കണമെന്നാവശ്യപ്പെട്ട് പീച്ചി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ കത്തയച്ചിട്ടും തരൂര്‍ പഞ്ചായത്ത് ഒഴികെ മറ്റ് മൂന്ന് പഞ്ചായത്തുകളും അനങ്ങിയിട്ടില്ല. എല്ലാ വന്യ ജീവി സംരക്ഷണ കേന്ദ്രങ്ങള്‍ക്ക് ചുറ്റും എക്കോ സെസന്‍സിറ്റീവ് സോണ്‍ പ്രഖ്യാപിക്കണമെന്ന വനം വകുപ്പിന്‍റെ കരടു രേഖ കേന്ദ്ര സര്‍ക്കാര്‍ പരിഗണിച്ചു കൊണ്ടിരിക്കുകയാണ്. പ്രഖ്യാപനം വരും വരെ നിലവിലുള്ള 10 കിലോമീറ്റര്‍ പരിധി തുടരണമെന്ന സുപ്രീംകോടതി ഉത്തരവിനെയും കാറ്റില്‍ പറത്തിയാണ് ചൂലന്നൂരിലെ ക്വാറികളുടെ പ്രവര്‍ത്തനം.