കൊളംബിയക്ക് ജപ്പാന്‍ എതിരാളികള്‍ 

മോസ്കോ: ആദ്യ മത്സരത്തില്‍ ഉറുഗ്വെയോട് അവസാന നിമിഷം തോല്‍വി വഴങ്ങേണ്ടി വന്ന ഈജിപ്ത് ഇന്ന് നിര്‍ണായക പോരാട്ടത്തിന് ഇറങ്ങുന്നു. സൗദി അറേബ്യയെ തകര്‍ത്ത് എത്തുന്ന റഷ്യയാണ് ഫറവോയുടെ നാട്ടുകാരുടെ എതിരാളികള്‍. സെന്‍റ് പീറ്റേഴ്സ്ബര്‍ഗില്‍ ഇന്ത്യന്‍ സമയം രാത്രി 11.30നാണ് മത്സരം തുടങ്ങുന്നത്. ആദ്യ കളിയില്‍ പുറത്തിരുന്ന സൂപ്പര്‍ താരം മുഹമ്മദ് സലാ കളിക്കുമോയെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.

സലാ പൂര്‍ണ ആരോഗ്യവാന്‍ ആയെന്ന് പറഞ്ഞപ്പോഴും അവസാന നിമിഷത്തെ ഫിറ്റ്നെസ് പരിശോധനയുടെ കാര്യവും ഈജിപത് പരിശീലകന്‍ ഹെക്ടര്‍ കുപ്പര്‍ കൂട്ടിച്ചേര്‍ത്തു. ഇത് ആരാധകര്‍ക്കിടയില്‍ സലാ കളിക്കുമോയെന്ന സംശയമുണ്ടാക്കിയിട്ടുണ്ട്. ലിവര്‍പൂള്‍ താരമായ സലയുടെ ചുമലിലേറിയാണ് ഈജിപ്ത് 28 വര്‍ഷത്തിന് ശേഷം ലോകകപ്പിന് യോഗ്യത നേടിയത്. എന്നാല്‍, ചാമ്പ്യന്‍സ് ലീഗ് ഫെെനലിനിടെ പരിക്കേറ്റതോടെ സലയുടെ ലോകകപ്പ് അരങ്ങേറ്റം നീളുകയായിരുന്നു.

വമ്പന്‍ ടീമായ ഉറുഗ്വെയ്ക്കെതിരെ മികച്ച പ്രകടനമാണ് ഈജിപ്ത് നടത്തിയത്. പക്ഷേ, ഫിനിഷ് ചെയ്യാനറിയാവുന്ന സലയെ പോലുള്ള താരത്തിന്‍റെ അഭാവം ടീമിനെ സാരമായി ബാധിച്ചു. ഇന്ന് വിജയം കണ്ടെത്താനായില്ലെങ്കില്‍ ഈജിപ്തിന്‍റെ ലോകകപ്പ് ഭാവി ഏകദേശം അടയും. സൗദി അറേബ്യയെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയതിന്‍റെ ആത്മവിശ്വസവുമായാണ് റഷ്യ ഇറങ്ങുന്നത്.

സ്വന്തം നാട്ടുകാര്‍ക്ക് മുന്നില്‍ ഈ കളിയും ജയിച്ച് അടുത്ത റൗണ്ടിലേക്കുള്ള രാജകീയ പ്രവേശനം അവര്‍ ലക്ഷ്യം വെയ്ക്കുന്നു. ഇന്നത്തെ ആദ്യ മത്സരത്തില്‍ ഏഷ്യന്‍ കരുത്തരായ ജപ്പാന്‍ കൊളംബിയയെ നേരിടും. ലോകകപ്പില്‍ തുടര്‍ക്കഥയാകുന്ന ലാറ്റിനമേരിക്കന്‍ തിരിച്ചടികള്‍ക്ക് മാറ്റം വരുത്താനാണ് ഫല്‍ക്കാവോയുടെ കൊളംബിയ ഇറങ്ങുന്നത്. ശരാശരി ടീമുകളുടെ ഗ്രൂപ്പിലെ മികച്ച സംഘമായ കൊളംബിയയെ തോല്‍പ്പിച്ച് മുന്നോട്ടുള്ള കുതിപ്പ് സുഗമമാക്കാനാണ് ജപ്പാന്‍റെ ശ്രമം.

ഇന്ന് വെെകുന്നേരം ഇന്ത്യന്‍ സമയം അഞ്ചരയ്ക്ക് മോര്‍ഡോവിയ അരീനയിലാണ് മത്സരം. ഗ്രൂപ്പ് എച്ചിലെ മറ്റൊരു മത്സരത്തില്‍ പോളണ്ടും സെനഗലും ഏറ്റുമുട്ടും. വലിയ ചരിത്രം പറയാനുള്ള ടീമുകള്‍ ഒന്നുമില്ലാത്തതാണ് ഗ്രൂപ്പ് എച്ചിനെ കടുത്തതാക്കുന്നത്. ആര്‍ക്കും അടുത്ത റൗണ്ടിലേക്ക് കടക്കാമെന്നുള്ള പ്രതീക്ഷകളുള്ളതിനാല്‍ ഓരോ മത്സരവും നിര്‍ണായകമാണ്. ലവന്‍ഡോവസ്കി അടക്കമുള്ള താരങ്ങളുടെ ബലത്തിലാണ് പോളണ്ട് കച്ചമുറുക്കുന്നത്. ആഫ്രിക്കന്‍ ടീമുകളുടെ ഗുണങ്ങളേറെയുള്ള സെനഗലും വിജയം തന്നെ ലക്ഷ്യമിടുന്നു.