ലക്‌നൗ: ഉത്തര്‍പ്രദേശിലെ പൊലീസ് ഏറ്റുമുട്ടലില്‍ ഉണ്ടായ കൊലപാതകവുമായി ബന്ധപ്പെട്ട് യുപി സര്‍ക്കാരിന് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ നോട്ടീസ്. യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അധികാരമേറ്റശേഷം 10 മാസത്തിനിടെ 30 പേരാണ് പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. 2017 മാര്‍ച്ച് 20 വരെ നടന്ന 29 ഏറ്റുമുട്ടലില്‍ 3 പൊലീസുകാരും കൊല്ലപ്പെട്ടിരുന്നു. 

പുതിയ സര്‍ക്കാര്‍ അധികാരമേറ്റ് ആറുമാസത്തിനിടെ 19 ഏറ്റുമുട്ടല്‍ കൊലപാതകങ്ങളാണ് യുപിയില്‍ അരങ്ങേറിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് യോഗി ആദ്യനാഥ് സര്‍ക്കാറിന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ്. നോട്ടീസ് ലഭിച്ച് ഒന്നര മാസത്തിനുള്ളില്‍ എട്ട് ഏറ്റുമുട്ടലുകളാണ് യു.പിയില്‍ ഉണ്ടായത്. മൂന്നെണ്ണം പുതുവല്‍സരദിനത്തിലായിരുന്നു. ഇതില്‍ ഒരു പൊലീസ് കോണ്‍സ്റ്റബിള്‍ ഉള്‍പ്പെടെ 8 പേര്‍ കൊല്ലപ്പെട്ടു.

അതേസമയം, മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ് ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. 'പൊലീസ് ഏറ്റുമുട്ടല്‍ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷനില്‍ നിന്നും ഞങ്ങള്‍ക്ക് ഇതുവരെ യാതൊരു നോട്ടീസും ലഭിച്ചിട്ടില്ല.' യു.പിയിലെ ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറി അരവിന്ദ് കുമാര്‍ പറയുന്നു. യോഗി സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം 2017 മാര്‍ച്ച് 30നും ഡിസംബര്‍ 31നും ഇടയില്‍ 921 ഏറ്റുമുട്ടലുകളാണ് യു.പിയില്‍ ഉണ്ടായത്. ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് 2214 പേരെ അറസ്റ്റ് ചെയ്തു. 196 പ്രതികള്‍ക്കും 210 പൊലീസുകാര്‍ക്കും ഈ ഏറ്റുമുട്ടലുകളില്‍ പരുക്കേറ്റിട്ടുണ്ട്. മൂന്ന് പൊലീസുകാര്‍ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്.