മുംബൈ: പൂനെയില്‍ ഐടി ഉദ്യോഗസ്ഥയെ കൂട്ടമാനഭംഗംചെയ്ത് കൊന്നകേസില്‍ മൂന്നുപ്രതികള്‍ക്കും വധശിക്ഷ. പുണെയിലെ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. 2009 ല്‍ ആണ് ക്രൂരമായ കൊലപാതകം നടന്നത്. യുവതി ജോലിചെയ്തിരുന്ന സ്ഥാപനത്തിലെ കാര്‍ െ്രെഡവര്‍ യോഗേഷ് റൗത്ത്, ഇയാളുടെ സുഹൃത്ത് ബിശ്വാസ് ഖദം, മഹേഷ് ഠാക്കൂര്‍ എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്. 

ദില്ലിയിലെ നിര്‍ഭയ കേസിന് സമാനമായ സംഭവമാണിതെന്നും പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നുമുള്ള പ്രോസിക്യൂഷന്‍ ആവശ്യം കോടതി അംഗീകരിച്ചു. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് കോടതി വിലയിരുത്തി. 2009 ഒക്ടോബര്‍ ഏഴിനായിരുന്നു കേസിനാസ്പദമായ സംഭവം. ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുംവഴി നയന പൂജാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗം ചെയ്ത് കൊല്ലുകയായിരുന്നു.