അംബേദ്കറുടെ പേരു മാറ്റി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അംബേദ്ക്കർ എന്നതിനു പകരം  ഭീംറാവു റാംജി അംബേദ്ക്കർ എന്നാണ് മാറ്റിയത്

ലഖ്നൗ: ഭരണഘടനാ ശില്‍പി ബാബാ സാഹേബ് അംബേദ്കറിന്‍റെ പേര് ഔദ്യോഗിക രേഖകളിൽ മാറ്റി ഉപയോഗിക്കാനുള്ള ഉത്തർപ്രദേശ് സർക്കാറിന്‍റെ തീരുമാനം വിവാദത്തിൽ. ഔദ്യോഗിക രേഖകളിൽ ഭീംറാവു അംബേദ്ക്കർ എന്നതിനു പകരം ഭീംറാവു റാംജി അംബേദ്ക്കർ എന്നാക്കാനാണ് സംസ്ഥാന സർക്കാർ തീരുമാനം. എന്നാൽ ദളിത് വിഭാഗങ്ങൾക്കിടയിൽ നിരാശയുണ്ടാക്കുന്നതും അനാവശ്യ വിവാദത്തിനിടയാക്കുന്നതുമാണ് പേരുമാറ്റമെന്ന് ബിജെപി എംപി ഉദിത് രാജ് പ്രതികരിച്ചു.

ബുധനാഴ്ചയാണ് ഇതു സംബന്ധിച്ച് ഉത്തരവിറക്കിയത്. അംബേദ്കറിന്‍റെ പേര് പൂർണ്ണമായും ഉപയോഗിക്കുമ്പോൾ മാറ്റം വേണമെന്നാണ് വിവിധ വകുപ്പുകൾക്കും ഹൈക്കോടതി രജിസ്ട്രാർക്കും മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻറെ നിർദ്ദേശം. എല്ലാ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും അലഹബാദ് ഹൈക്കോടതിയുടെ വിവിധ ബെഞ്ചുകള്‍ക്കും ഉത്തരവിന്റെ പകര്‍പ്പ് കൈമാറിയിട്ടുണ്ട്. അംബേദ്കര്‍ ഭരണഘടനയുടെ ആമുഖത്തില്‍ ഒപ്പുവെച്ചിരിക്കുന്നത് 'ഡോ. ഭീംറാവു അംബേദ്കര്‍' എന്നു മാത്രമായല്ല, അദ്ദേഹത്തിന്റെ പേരിനൊപ്പം 'റാംജി' എന്നുകൂടി ഉണ്ട് എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് യുപി സര്‍ക്കാരിന്‍റെ ഉത്തരവ് പുറത്തുവന്നിരിക്കുന്നത്.

ഗവർണ്ണർ രാം നായികാണ് ആദ്യം നിർദ്ദേശം മുന്നോട്ടു വച്ചത്. അംബേദ്ക്കർ ഭരണഘടനയിൽ ഭീംറാവു റാംജി അംബേദ്ക്കർ എന്നെഴുതിയാണ് ഒപ്പു വച്ചതെന്നും ഇത് ചുരുക്കി ഉപയോഗിക്കുന്നത് ഉചിതമല്ലെന്നും രാംനായിക് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും കത്തെഴുതുകയായിരുന്നു. യുപി സർക്കാർറിന്‍റെ തീരുമാനം യുക്തിക്ക് നിരക്കാത്തതും അനാവശ്യവിവാദങ്ങൾക്കിടയാക്കുന്നതാണെന്നും ഉത്തര ദില്ലിയിലെ ബിജെപി എംപി ഉദിത് രാജ് പറഞ്ഞു.

അംബേദ്കറിന്‍റെ അഛന്‍റെ പേരാണ് രാംജി. മുഴുവൻ പേര് പറയുമ്പോൾ അച്ഛന്‍റെ പേര് നടുവിൽ ചേർക്കുന്ന പതിവ് അംബേദ്കർ ജനിച്ച മഹാരാഷ്ട്ട്രയിൽ ഉണ്ടെന്നാണ് പേര് മാറ്റത്തിന് ന്യായീകരണമായി പറയുന്നത്. അംബേദ്കറിന്‍റെ പേര് ഹിന്ദിയിൽ ഉപയോഗിക്കുന്നതിൽ മാറ്റം വരുത്താനും യോഗിആദിത്യനാഥ് സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

അതേസമയം സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സമാജ് വാദി പാര്‍ട്ടി രംഗത്തെത്തി. ദളിത് സമുദായ നേതാവിനെ രാഷ്ട്രീയവല്‍ക്കരിക്കാനാണ് ബിജെപിയുടെ ശ്രമമെന്ന് എസ് പി നേതാവ് ദീപക് മിശ്ര ആരോപിച്ചു. അംബേദികര്‍ക്കെതിരായിരുന്നു എന്ന ദളിതുകളുടെ കാഴ്ചപ്പാടില്‍ മാറ്റമുണ്ടാക്കുകയാണ് ബിജെപിയും ആര്‍എസ്എസും ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നതെന്നും മിശ്ര ആരോപിച്ചു. തീരുമാനം നിരാശയുണ്ടാക്കുന്നതാണെന്നും പേര് മാറ്റം അനാവശ്യ വിവാദത്തിന് വഴിവെക്കുമെന്നും വിമര്‍ശനം.