രണ്ട് ലക്ഷം രൂപയില്‍ കൂടുതല്‍ നിക്ഷേപിച്ചവരുടെ വിവരങ്ങള്‍ നല്‍കണമെന്ന ആദായ നികുതി വകുപ്പിന്റെ ആവശ്യത്തിനെതിരെ കതിരൂര്‍ സഹകരണ ബാങ്കടക്കം 20 ബാങ്കുകള്‍ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും വിധി അനൂകൂലമായില്ല. പക്ഷെ സംസ്ഥാനത്തെ പല സഹകരണബാങ്കുകളും ഇപ്പോഴും ആദായനികുതിവകുപ്പിന് വിവരങ്ങള്‍ നല്‍കുന്നില്ല. വിവരങ്ങള്‍ കിട്ടുമ്പോള്‍ തൊട്ടുപിന്നാലെ റെയ്ഡ് നടത്തുന്നുവെന്നും ഇത് പണത്തിന്റെ രഹസ്യ സ്വഭാവം ഇല്ലാതാക്കുന്നുവെന്നുമാണ് അതിന് ബാങ്കുകള്‍ നിരത്തുന്ന ന്യായം.

ഇന്‍കം ടാക്‌സ് നിയമത്തിലെ 133(6) വകുപ്പനുസരിച്ച് വിവരങ്ങള്‍ ശേഖരിക്കാനുള്ള അവകാശമുണ്ടെന്ന വാദം സുപ്രി കോടതി ശരിവച്ചെങ്കിലും സംസ്ഥാനത്തെ നാല് സഹകരണബാങ്കുകള്‍, പരിശോധനയ്‌ക്കെതിയ ഉദ്യോഗസ്ഥരെ തടഞ്ഞു. ഇരുപതോളം ബാങ്കുകള്‍ ഉദ്യോഗസഥരോട് സഹകരിച്ചില്ലെന്നും സംഘടനാനേതാക്കള്‍ പറയുന്നു. എന്നാല്‍ ആദായനികുതിവകുപ്പിന്റെ യഥാര്‍ത്ഥ ലക്ഷ്യം ഈ പക്ഷേ ഇതല്ല. സംസ്ഥാനത്ത 1804 സഹകരണബാങ്കുകളുടെയും ശാഖകളുടെയും വരുമാനത്തില്‍ നിന്നായി 1000 കോടിയോളം രൂപ പ്രതിവര്‍ഷം നികുതി നല്‍കണമെന്ന ആവശ്യമാണ് അവരുയര്‍ത്തുന്നത്.

കാര്‍ഷികവായ്പാ സംഘങ്ങളായി രജിസ്റ്റര്‍ ചെയ്ത ബാങ്കുകള്‍ വാണിജ്യ വായ്പകളാണ് കൂടുതല്‍ നല്‍കുന്നത്. അത് കൊണ്ട് നികുതി ഇളവ് പിന്‍വലിക്കണമെന്ന ആവശ്യവും ആദായ നികുതി വകുപ്പ് ഉന്നയിക്കുന്നുണ്ട്. ഇപ്പോള്‍ സംസ്ഥാനത്തെ രാഷ്‌ട്രീയപാര്‍ട്ടികള്‍ ഇപ്പോള്‍ നടത്തുന്ന നീക്കങ്ങള്‍ ഇതൊക്കെ മുന്നില്‍ കണ്ടാണ്.