തീർത്ഥാടകരുടെ എണ്ണം കുറഞ്ഞത് കണക്കിലെടുത്ത് വിർച്വല്‍ ബുക്കിങ് ദിവസം 66000ത്തിൽ നിന്ന് 71000മാക്കി ഉയർത്തിയിരുന്നു. അയ്യാരത്തിന്‍റെ വർധന ഘട്ടം ഘട്ടമായാണ് ഏർപ്പെടുത്തുന്നത്. എന്നാല്‍ ഇതും മണിക്കൂറുകള്‍ക്കുള്ളില്‍ ബുക്ക് ആകുന്നതാണ് സാഹചര്യം.

പത്തനംതിട്ട: ശബരിമലയില്‍ കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഇന്നലെ മുതല്‍ തീർത്ഥാടകരുടെ എണ്ണം കൂടി. നട തുറന്നശേഷം ആദ്യമായി 60000ത്തോളം പേരാണ് ഇന്നലെ ഒരു ദിവസമെത്തിയത്. എന്നാല്‍ വിർച്വല്‍ ക്യൂ ബുക്കിങും തീർത്ഥാടനത്തിന് എത്തുന്നവരും തമ്മിലുള്ള വ്യത്യാസം കൂടിയതില്‍ അന്വേഷണം തുടരുകയാണ്. ബുക്ക് ചെയ്ത ദിവസം തന്നെ തീർത്ഥാടനത്തിന് എത്താൻ ഭക്ത‍‍ർ ശ്രമിക്കണമെന്ന് ശബരിമല എഡിഎം അഭ്യർത്ഥിച്ചു.

മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനായി നട തുറന്നതിന് പിന്നാലെ വിർച്വല്‍ ക്യൂ ബുക്കിങ് പൂർണമായിരുന്നു. എന്നാല്‍ ആദ്യ ദിവസങ്ങളില്‍ ബുക്ക് ചെയ്തതില്‍ പകുതിയോളം പേർ ദർശനത്തിന് എത്തിയില്ല. ഈ അസ്വാഭാവികതയില്‍ ആണ് അന്വേഷണം നടക്കുന്നത്. ഏജന്‍റുമാർ കൂട്ടമായി ബുക്ക് ചെയ്യുന്നുണ്ടോയെന്നെ ആരോപണവും പരിശോധിക്കുന്നുണ്ട്. എന്നാല്‍ ഇന്നലെ മുതല്‍ ശബരിമലയില്‍ എത്തുന്ന തീർത്ഥാടകരുടെ എണ്ണം കൂടി. രാത്രി 12 മണിവരെ 60,635 തീർത്ഥാടകർ മലചവിട്ടി. മണ്ഡല മകരവിളക്ക് തീർത്ഥാടനം തുടങ്ങിയ ശേഷം ഏറ്റവും കൂടുതല്‍ പേർ ദർശനത്തിനെത്തിയതും ഇന്നലെയാണ്.

തീർത്ഥാടകരുടെ എണ്ണം കുറഞ്ഞത് കണക്കിലെടുത്ത് വിർച്വല്‍ ബുക്കിങ് ദിവസം 66000ത്തിൽ നിന്ന് 71000മാക്കി ഉയർത്തിയിരുന്നു. അയ്യാരത്തിന്‍റെ വർധന ഘട്ടം ഘട്ടമായാണ് ഏർപ്പെടുത്തുന്നത്. എന്നാല്‍ ഇതും മണിക്കൂറുകള്‍ക്കുള്ളില്‍ ബുക്ക് ആകുന്നതാണ് സാഹചര്യം. ഉയരുന്ന ഗൂഢാലോചന സിദ്ധാന്തങ്ങളിൽ വസ്തുതയില്ലെന്നാണ് പരിശോധനയില്‍ ബോധ്യമാകുന്നതെന്ന് ശബരിമല എഡിഎം ദിലീപ് കെ കൈനിക്കര ഫെയ്സ്ബുക്കില്‍ പ്രതികരിച്ചു. വെർച്യുല്‍ ക്യൂ വഴി ബുക്ക് ചെയ്തവർ അനുവദിച്ച സമയത്ത് തന്നെ ദർശനത്തിന് എത്തണമെന്നും തീർത്ഥാടനം മാറ്റിയാല്‍ ബുക്കിങ് ക്യാൻസല്‍ ചെയ്യണമെന്നും എഡിഎം അഭ്യർത്ഥിച്ചു. തീയതികൾ മാറി ദർശനത്തിന് എത്തുന്നത് ക്രമീകരണങ്ങളെ ബാധിച്ചേക്കുമെന്ന ആശങ്ക കണക്കിലെടുത്താണ് നിർദേശം.

Asianet News Live | Malayalam Live News | Kerala News Updates| Breaking News| HD Live 24x7 Streaming