സ്വാതന്ത്ര്യദിനാഘോഷം ഈ വര്‍ഷം മുതല്‍ ഒരാഴ്ച നീണ്ട് നില്‍ക്കുന്ന പരിപാടിയാകും. സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെയാണ് സ്വാതന്ത്ര്യദിന വാരാഘോഷം കേന്ദ്രസര്‍ക്കാര്‍ സംഘടിപ്പിക്കുന്നത്.

കേന്ദ്ര വിനോദസഞ്ചാര വകുപ്പാണ് സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിക്കാന്‍ തീരുമാനിച്ചത്. ചെങ്കോട്ടയില്‍ പ്രധാനമന്ത്രി ദേശീയ പതാക ഉയര്‍ത്തുകയും പ്രസംഗിക്കുകയും ചെയ്യുന്നതാണ് പതിവ് രീതി. ഇതോടൊപ്പം മാന്‍സിംഗ് റോഡിലും ജന്‍പഥിലും സംസ്ഥാനങ്ങളുടെ സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കും. ഓഗസ്റ്റ് 15ന് വൈകീട്ട് അഞ്ച് മുതല്‍ 18ആം തിയതി വരെ പരിപാടികളുണ്ടാകും.

കേരളത്തില്‍ നിന്ന് മോഹിനിയാട്ടം, ഭരതനാട്യം, നാടന്‍ കലകള്‍ എന്നിവ ദിവസവമുണ്ടാകും. രാജ്പഥില്‍ പ്രത്യേക വേദികള്‍ സ്ഥാപിക്കും. സംസ്ഥാനങ്ങള്‍ക്ക് പവലിയന്‍. കൈത്തറികരകൗശല ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനം. മാറ്റ് കൂട്ടാന്‍ കര, വ്യോമ, നാവിക സേനകളുടെ ഗാനമേളയും നൃത്തവിരുന്നും. രുചി വൈവിധ്യങ്ങളുമായി 50 ഭക്ഷണ ശാല. ജന്‍പഥിലും മാന്‍സിംഗ് റോഡിലും ഗതാഗതം നിരോധിക്കും. പ്രതിരോധടൂറിസം മന്ത്രാലയങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പരിപാടികളില്‍ കനത്ത സുരക്ഷ ക്രമീകരണങ്ങള്‍ ഒരുക്കുകയെന്നതാണ് കേന്ദ്രസര്‍ക്കാരിന് മുന്നിലെ വെല്ലുവിളി