ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലുമായി യുഎസ് സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൺ സംസാരിച്ചു. പുൽവാമ ആക്രമണത്തെ വീണ്ടും ശക്തമായ ഭാഷയിൽ അപലപിച്ച അമേരിക്ക ഇന്ത്യക്ക് സ്വയം പ്രതിരോധത്തിന് അവകാശമുണ്ടെന്ന് വ്യക്തമാക്കി.

ദില്ലി: 40 ജവാൻമാർ വീരമൃത്യു വരിച്ച പുൽവാമ ഭീകരാക്രമണത്തെ വീണ്ടും ശക്തമായ ഭാഷയിൽ അപലപിച്ച് അമേരിക്ക. തീവ്രവാദത്തിനെതിരെ സ്വയം പ്രതിരോധത്തിന് ഇന്ത്യക്ക് അവകാശമുണ്ടെന്ന് യുഎസ് സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൺ വ്യക്തമാക്കി. ഇന്ത്യൻ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലുമായി ജോൺ ബോൾട്ടൺ ഫോണിൽ സംസാരിച്ചു. 

പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ജവാൻമാർക്ക് ആദരാഞ്ജലികളർപ്പിക്കുന്നുവെന്ന് പറഞ്ഞ ജോൺ ബോൾട്ടൺ, തീവ്രവാദത്തെ നേരിടുന്നതിന് ഇന്ത്യക്ക് അമേരിക്കയുടെ പൂർണ പിന്തുണയുണ്ടെന്ന് വ്യക്തമാക്കി. 

തീവ്രവാദ ഗ്രൂപ്പുകൾക്ക് എല്ലാ സഹായവും ചെയ്തു കൊടുക്കുന്നത് അവസാനിപ്പിക്കണമെന്ന് നേരത്തേ പാകിസ്ഥാന് മുന്നറിയിപ്പ് നൽകിയതാണെന്നും ആ താക്കീത് ആവർത്തിക്കുകയാണെന്നും ജോൺ ബോൾട്ടൺ വ്യക്തമാക്കി.

ഇക്കാര്യം ചൂണ്ടിക്കാട്ടി പാകിസ്ഥാനുമായി ചർച്ച തുടരുമെന്നും ജോൺ ബോൾട്ടൺ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.

ഐക്യരാഷ്ട്രസഭയുടെ ചട്ടങ്ങൾ അനുസരിച്ച് തീവ്രവാദ ഗ്രൂപ്പുകൾക്കെതിരെ ശക്തമായ നടപടിയെടുക്കാൻ പാകിസ്ഥാന് മേൽ സമ്മർദ്ദം ശക്തമാക്കും. ജയ്ഷ് ഇ മുഹമ്മദ് തലവൻ മസൂദ് അസ്‍ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള ഇന്ത്യയുടെ ആവശ്യത്തിന് അമേരിക്കയുടെ എല്ലാ പിന്തുണയുമുണ്ടാകുമെന്നും ജോൺ ബോൾട്ടൺ അജിത് ദോവലിന് ഉറപ്പ് നൽകി.

നേരത്തേ പുൽവാമ ഭീകരാക്രമണത്തെ ശക്തമായ ഭാഷയിൽ അപലപിച്ച് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ രംഗത്തെത്തിയിരുന്നു. അന്താരാഷ്ട്ര സുരക്ഷയ്ക്ക് ഭീഷണിയായ ഭീകരവാദ ഗ്രൂപ്പുകൾക്ക് സുരക്ഷാ താവളമൊരുക്കുന്നത് പാകിസ്ഥാൻ അവസാനിപ്പിക്കണമെന്നും അമേരിക്ക ആവശ്യപ്പെട്ടിരുന്നു.

Scroll to load tweet…