ദില്ലി: ഉഭയകക്ഷി ബന്ധത്തിലെ വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ഇന്ത്യയും കുവൈറ്റും തമ്മില്‍ മൂന്നാംവട്ട രാഷ്ട്രീയ ചര്‍ച്ച നടത്തി. ദില്ലിയില്‍ കുവൈറ്റ് അസിസ്റ്റന്റ് വിദേശകാര്യ മന്ത്രിയുടെ അംബാസഡര്‍ അലി അല്‍ സയിദിന്റെ നേതൃത്വത്തിലുള്ള കുവൈറ്റ് പ്രതിനിധി സംഘമാണ് ഉഭയകക്ഷി ചര്‍ച്ചയില്‍ പങ്കെടുത്തത്.

വൈദ്യുതി, വ്യോമ ഗതാഗതം, വ്യാപാരം, നിക്ഷേപം എന്നീ മേഖലകളില്‍ പരസ്പര സഹകരണം സംബന്ധിച്ച് ഇരു രാജ്യങ്ങളിലെയും പ്രതിനിധികള്‍ ചര്‍ച്ച നടത്തി. കുവൈറ്റിലുള്ള ഇന്ത്യന്‍ തൊഴിലാളികളെ സംബന്ധിച്ചും തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് നിലവിലുള്ള സ്ഥിതിഗതികളെക്കുറിച്ചും വിശദമായ ചര്‍ച്ച നടത്തി. വിദേശ തൊഴിലാളികളെ സംരക്ഷിക്കുന്നതിന് കുവൈറ്റ് നടപ്പാക്കിയിരിക്കുന്ന പുതിയ നിയന്ത്രണങ്ങള്‍ കണക്കിലെടുത്ത് നിലവിലുള്ള സാഹചര്യങ്ങള്‍ പുനഃപരിശോധിക്കാമെന്നു കുവൈറ്റ് ഉറപ്പു നല്‍കിയിട്ടുണ്ട്. വിദേശ തൊഴിലാളികളുടെ പ്രശ്‌നത്തില്‍ കുവൈറ്റിന്റെ നിലപാട് ഇന്ത്യയ്ക്ക് ബോധ്യമായിട്ടുണ്ടെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത ഇന്ത്യയിലെ കുവൈറ്റ് അംബാസഡര്‍ ഫഹദ് അല്‍ അവാദി പറഞ്ഞു. മധ്യേഷ്യയിലെ ഏറ്റവും പുതിയ മാറ്റങ്ങളുടെ അടിസ്ഥാനത്തില്‍ പ്രാദേശികവും ഉഭയകക്ഷിപരവുമായ വിഷയങ്ങളില്‍ ഇരുരാജ്യങ്ങളും തങ്ങളുടെ കാഴ്ചപ്പാടുകള്‍ പരസ്പരം കൈമാറി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കാനും കൂടുതല്‍ ശക്തമാക്കാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട അധികൃതരെ നിയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്.