ദില്ലി: ഇന്ത്യാ-ചൈന അതിർത്തി തർക്കത്തിൽ നിലവിലെ നയതന്ത്ര ചാലുകളിലൂടെ പ്രശ്നപരിഹാരത്തിനു ശ്രമിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ചൈനാ അതിർത്തിയിലെയും ജമ്മുകശ്മീരിലെയും സംഭവവികാസങ്ങളിൽ  രാഷ്ട്രീയകക്ഷികളെ വിശ്വാസത്തിലെടുക്കാൻ ആഭ്യന്തരമന്ത്രിയും വിദേശകാര്യമന്ത്രിയും ചേർന്ന് നാളെ സർവ്വകക്ഷി യോഗം വിളിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങും ജർമ്മനിയിൽ വിവിധ വിഷയങ്ങളിൽ വിശദ ചർച്ച നടത്തിയെന്ന് വിദേശകാര്യമന്ത്രാലയം ആവർത്തിച്ചു. അതിർത്തി തർക്കം ചർച്ചയായെന്ന സൂചന വിദേശകാര്യവക്താവ് ഗോപാൽ ബാഗ്ലെ നല്കി. ചർച്ചയിലൂടെ തന്നെ പ്രശ്നപരിഹാരത്തിനു നീക്കമുണ്ടാകുമെന്ന നിലപാട് ഇന്ത്യ ആവർത്തിച്ചു

ഇതിനിടെ ഇന്ത്യാ ചൈന തർക്കത്തിൽ പ്രതിലക്ഷ നേതാക്കളെ വിശ്വാസത്തിലെടുക്കാൻ സർക്കാർ നീക്കം തുടങ്ങി. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗും വിദേശകാര്യമന്ത്രി സുഷമാ സ്വരാജും കക്ഷിനേതാക്കളുമായി നാളെ വൈകിട്ട് സംസാരിക്കും. അനന്ത് നാഗ് ഭീകരാക്രമണം ഉൾപ്പടെ ജമ്മുകശ്മീരെല സ്ഥിതിയും സർക്കാർ വിശദീകരിക്കും.

ചൈനയുമായി പ്രസ്താവനയുദ്ധം വേണ്ടെന്നും പാർലമെന്റിൽ ഇതിന് സഹകരിക്കണമെന്നും സർക്കാർ പ്രതിപക്ഷത്തോട് ആവശ്യപ്പെടും. അതേസമയം വ്യക്തമായി രേഖപ്പെടുത്തിയ അതിർത്തി ഇന്ത്യ ലംഘിച്ചതിനാൽ മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായ സ്ഥിതിയാണ് ഇപ്പോഴത്തേതെന്ന് ചൈനീസ് വിദേശകാര്യ വക്താവ് പറഞ്ഞു.