ഇന്നലെ വൈകിട്ട് ആസൂത്രിതമായ നീക്കമാണ് അതിർത്തിയിൽ പാക് സേനയുടെ ഭാഗത്തു നിന്ന് ഉണ്ടായത്. പാക് സൈനിക കമാൻഡോകൾ നിയന്ത്രണ രേഖയ്ക്ക് തൊട്ടടുത്ത് വരെ എത്തി ഇന്ത്യൻ സൈനിക പോസ്റ്റുകൾക്ക് നേരെ ആക്രമണം നടത്തി.
190 കിലോമീറ്റർ ദൂരത്ത് മുപ്പതു സ്ഥലങളിൽ ഏറ്റുമുട്ടൽ ഇന്നു പുലർച്ചെ 5 വരെ തുടർന്നു. ഇന്ത്യൻ ഭാഗത്ത് ഒരു നാലു വയസുകാരിക്ക് പാക് ആക്രമണത്തിൽ പരിക്കേറ്റു. പാക്ഭാഗത്ത് കനത്ത നാശനഷ്ടമുണ്ടായതായി ബിഎസ്എഫും കരസേനയും അറിയിച്ചു. ഇന്നു രാവിലെ ആറരയ്ക്ക് പല്ലൻവാല, ഹീരാനഗർ, സുന്ദർബനി തുടങ്ങി പലയിടങ്ങളിലും പാകിസ്ഥാൻ പ്രകോപനത്തിന് ശ്രമിച്ചു.
ശക്തമായി തിരിച്ചടിക്കാനുള്ള നിർദ്ദേശം ഇന്നലെ ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗും പ്രതിരോധമന്ത്രി മനോഹർ പരീക്കറും നല്കിയിരുന്നു. പാക് ഹൈക്കമ്മീഷനിലെ നയതന്ത്ര ഉദ്യോഗസ്ഥൻ മഹബൂബ് അക്തറിനോട്. ചാരപ്രവർത്തനത്തിന്റെ പേരിൽ ഇന്ത്യ രാജ്യം വിടാൻ നിർദ്ദേശിച്ചിരുന്നു. അക്തർ ഉൾപ്പെട്ട ചാര വലയില്‍പ്പെട്ട ഷൊയിബ് എന്നൊരാളെക്കൂടി രാജസ്ഥാനിലെ ജോധ്പൂരിൽ നിന്ന് അറസ്റ്റുചെയ്തു.
ഇന്ത്യയ്ക്ക് മറുപടി എന്ന നിലയ്ക്ക് പാകിസ്ഥാൻ ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലെ സുർജിത് സിംഗ് എന്ന ജീവനക്കാരനെ ഇന്നലെ രാത്രി പുറത്താക്കിയിരുന്നു. ഇന്ത്യയുമായുള്ള വ്യപാര ബന്ധം വിച്ഛേദിക്കുമെന്നും പാകിസ്ഥാൻ മുന്നറിയിപ്പു നല്‍കി.
