റിയാദ്: സൗദിയും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര സൈനിക ബന്ധം സുശക്തമെന്നു ഇന്ത്യന്‍ അംബാസഡര്‍ അഹമ്മദ് ജാവേദ്. ദിയിലെത്തിയ ഇന്ത്യന്‍ തീരസേനയുടെ പടക്കപ്പല്‍ 'സമര്‍ഥ് ' ഇരു രാജ്യങ്ങളുടെയും ബന്ധം കൂടുതല്‍ ദൃഢമാക്കുമെന്നും അംബാസഡര്‍ പറഞ്ഞു.

ഇന്ത്യയും സൗദിയും തമ്മിലുള്ള നയതന്ത്ര സൈനിക സഹകരണം ശക്തമാണെന്നും അതിന്റെ ഭാഗമായാണ് എല്ലാവര്‍ഷവും ഇന്ത്യന്‍ തീര സംരക്ഷണ സേനയുടെ കപ്പല്‍ സൗദിയില്‍ എത്തുന്നതെന്നും ഇന്ത്യന്‍ സ്ഥാനപതി അഹമ്മദ് ജാവേദ് പറഞ്ഞു.

ജുബൈല്‍ നാവിക ആസ്ഥാനത്തു എത്തിയ ഇന്ത്യന്‍ തീര സംരക്ഷണ സേനയുടെ പടക്കപ്പല്‍ സമര്‍ത്തില്‍ നടത്തിയ പ്രത്യേക വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഇന്ത്യന്‍ സ്ഥാനപതി.

ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണത്തിന്റെ ഭാഗമായി മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനിടെ ഇരു രാജ്യങ്ങളുടെയും തീരസംരക്ഷണ സേന വിഭാഗങ്ങളുടെ സംയുക്ത പരിശീലനവും നടന്നു.

സൗദിയും ഇന്ത്യയും തമ്മിലുള്ള സൈനിക സഹകരണം കൂടുതല്‍ ഉന്നതിയില്‍ എത്തിക്കുകയാണ് തങ്ങളുടെ സന്ദര്‍ശന ലക്ഷ്യമെന്ന് സമര്‍ത്ഥിത്തിന്റെ ക്യാപ്റ്റന്‍ ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ കെ.ആര്‍ ദീപക് കുമാര്‍ പറഞ്ഞു. 25 ഓഫീസര്‍മാരുള്‍പ്പെടെ 140 സേന അംഗങ്ങളാണ് കപ്പലില്‍ ഉള്ളത്.

എംബസി ഡിഫെന്‍സ് അറ്റാഷെ കേണല്‍ മനീഷ് നാഗ്പാലും സൗദി നാവികസേന ഉദ്യോഗസ്ഥരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

അത്യാധുനിക സുരക്ഷ സജീകരണങ്ങള്‍ ഉള്ള കപ്പല്‍ കാണുന്നതിന് വിവിധ ഇന്ത്യന്‍ സ്‌കൂളുകളില്‍ നിന്നുള്ള കുട്ടികള്‍ അടക്കം നിരവധി ആളുകളും എത്തി.

കപ്പലില്‍ പ്രത്യേക കലാ വിരുന്നും ഒരുക്കിയിരുന്നു.

നവംബര്‍ എട്ടിന് മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനു സൗദിയിലെത്തിയ കപ്പല്‍ ഇന്നലെ ഇന്ത്യയിലേക്ക് മടങ്ങി.