Asianet News MalayalamAsianet News Malayalam

ഇന്ത്യയും ജപ്പാനും സൈനികേതര ആണവകരാറില്‍ ഒപ്പുവച്ചു

india signs nuclear deal with japan
Author
First Published Nov 11, 2016, 3:31 PM IST

ആണവായുധത്തിന്റെ ദൂഷ്യഫലങ്ങള്‍ അനുഭവിച്ച ജപ്പാനുമായി ഇന്ത്യ, സൈനികേതര ആണവകരാര്‍ ഒപ്പുവയ്‌ക്കുന്നത് സുപ്രധാന ചുവടുവയ്പായാണ്  കേന്ദ്ര സര്‍ക്കാര്‍ കരുതുന്നത്. ആണവനിര്‍വ്യാപനകരാറില്‍ ഒപ്പിടാത്ത എതെങ്കിലുമൊരു രാജ്യവുമായി ജപ്പാന്‍ ആണവകരാര്‍ ഒപ്പിടുന്നത് ഇതാദ്യമാണ്. ടോകിയോയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബയുടേയും സാന്നിധ്യത്തിലായിരുന്നു കരാര്‍ ഒപ്പുവച്ചത്. ആറ് വ‌‌ര്‍ഷത്തെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് കരാ‌ര്‍ യാഥാര്‍ത്ഥ്യമായത്. ഇതോടെ ആണവോര്‍ജ്ജ റിയാക്ടറുകള്‍, സാങ്കേതികവിദ്യ എന്നവ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാന്‍ ജപ്പാന് കഴിയും. സമാധാനപരമായ ആവശ്യത്തിന് ആണവോര്‍ജ്ജം ഉപയോഗിക്കുന്നതിനുള്ള കാരാര്‍ ചരിത്രപരമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മില്‍ ഊര്‍ജ്ജരംഗത്ത് പരസ്‌പരസഹകരണം ശക്തമാക്കാന്‍ ഇത് സഹായിക്കുമെന്നും നരേന്ദ്രമോദി പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഷിന്‍സോ ആബെയുടെ ഇന്ത്യ സന്ദര്‍ശനത്തിലാണ് കരാറിന് അന്തിമരൂപമായത്. 

ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പ് വച്ചിട്ടില്ലെങ്കിലും ആണവ പരീക്ഷണം നടത്തില്ലെന്ന് ഇന്ത്യയില്‍ നിന്ന് ഉറപ്പ് വാങ്ങിയിട്ടുണ്ടെന്ന് ജപ്പാന്‍ വ്യക്തമാക്കി. 1998ന് ശേഷം ഇന്ത്യ ആവണവപരീക്ഷണം നടത്തിയിട്ടില്ലെങ്കിലും ആണവ നിര്‍വ്യാപന കരാറില്‍ ഇന്ത്യ ഒപ്പ് വച്ചിട്ടില്ല, ലോകത്തിലെ തന്നെ ഏറ്റവും തുറന്ന സമ്പദ്‍വ്യവസ്ഥയുള്ള രാജ്യമായി ഇന്ത്യയെ മാറ്റുകയാണ് ലക്ഷ്യമെന്ന് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് ജപ്പാനിലെത്തിയ പ്രധാനമന്ത്രി വ്യക്തമാക്കി.

Follow Us:
Download App:
  • android
  • ios