ജമ്മുവിൽ പ്രതിഷേധം അക്രമാസക്തമായതിനെ കൂടുതൽ സുരക്ഷാസേനയെ നിയോഗിച്ചു. ക്രമസമാധാന പാലനത്തിനായി ഇവിടെ സൈന്യത്തെയും രംഗത്തിറക്കിയിട്ടുണ്ട്. വര്‍ഗ്ഗീയകലാപത്തിനുള്ള സാധ്യത കണക്കിലെടുത്ത് ജമ്മുവില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കൻ കശ്മീരിൽ മൊബൈൽ, ഇന്‍റർനെറ്റ് സേവനങ്ങളും വിച്ഛേദിച്ചിരിക്കുകയാണ്.

ദില്ലി/ശ്രീനഗര്‍: പുല്‍വാമ ആക്രമണത്തെ തുടർന്ന് കശ്മീരിലും പാകിസ്ഥാൻ അതിര്‍ത്തിയിലും നിലനില്‍ക്കുന്നത് യുദ്ധസമാനമായ അന്തരീക്ഷം. ഇന്ത്യ-പാക് അതിര്‍ത്തിയില്‍ അതീവ ജാഗ്രതയിലാണ്‌ സൈന്യം. ഇന്ത്യന്‍ സൈന്യത്തിനെതിരെ ജെയ്ഷെ മുഹമ്മദ് നടത്തിയ ആക്രമണങ്ങള്‍ക്ക് നേരത്തെ അതിര്‍ത്തി കടന്നുള്ള മിന്നലാക്രമണങ്ങളിലൂടെ ഇന്ത്യ തിരിച്ചടി നല്‍കിയിട്ടുണ്ട്. സമാനമായ സൈനിക ഓപ്പറേഷന്‍ ഇന്ത്യ ഇപ്പോള്‍ നടത്തുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. അതിനാല്‍ അന്താരാഷ്ട്ര ശ്രദ്ധയും ഇപ്പോള്‍ ഇന്ത്യ - പാക് അതിര്‍ത്തിയിലുണ്ട്.

പുൽവാമ ആക്രമണത്തിന് പിന്നാലെ ജമ്മുവിൽ രൂപം കൊണ്ട പ്രതിഷേധം ജമ്മുവിൽ കലാപസ്വഭാവത്തിലേക്ക് മാറിയിരിക്കുകയാണ്. കത്വയില്‍ പാകിസ്ഥാൻ വിരുദ്ധ മുദ്രാവാക്യങ്ങളുമായി ജനക്കൂട്ടം തെരുവിലിറങ്ങി. ദേശീയപാതകയുമേന്തി ജനക്കൂട്ടം റോഡ് ഉപരോധിച്ചതോടെ ജമ്മു ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. ജമ്മുവിൽ പ്രതിഷേധം അക്രമാസക്തമായതിനെ കൂടുതൽ സുരക്ഷാസേനയെ നിയോഗിച്ചു. ക്രമസമാധാന പാലനത്തിനായി ഇവിടെ സൈന്യത്തെയും രംഗത്തിറക്കിയിട്ടുണ്ട്. 

വര്‍ഗ്ഗീയകലാപത്തിനുള്ള സാധ്യത കണക്കിലെടുത്ത് ജമ്മുവില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കൻ കശ്മീരിൽ മൊബൈൽ, ഇന്‍റർനെറ്റ് സേവനങ്ങളും വിച്ഛേദിച്ചിരിക്കുകയാണ്. മുന്‍കരുതലെന്ന നിലയില്‍ ശ്രീനഗറിലും ഇന്‍റര്‍നെറ്റ് സേവനം പരിമിതപ്പെടുത്തി. തീവ്രവാദി ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ കശ്മീര്‍ താഴ്വരയില്‍നിന്നുള്ള വാഹനവ്യൂഹത്തിന്‍റെ നീക്കം താല്‍കാലികമായി നിര്‍ത്തി വച്ചു.

ഇന്നലെ പുല്‍വാമയില്‍ സൈനികവ്യൂഹത്തിന് നേരെ സ്ഫോടകവസ്തുകള്‍ അടങ്ങിയ കാര്‍ ഇടിച്ചു കയറ്റിയാണ് ഭീകരവാദി ചാവേറാക്രമണം നടത്തിയത്. ഇതിന് പിന്നാലെ സൈനികര്‍ക്ക് നേരെ വെടിവയ്പ്പ് ഉണ്ടായിരുന്നു. ഇതേ തുടര്‍ന്ന് പുല്‍വാമയ്ക്ക് ചുറ്റുമുള്ള പതിനഞ്ചോളം ഗ്രാമങ്ങള്‍ ഇന്നലെ സൈന്യം വളഞ്ഞു. 

പുല്‍വാമ ആക്രമണത്തിന് ഏത് രീതിയിലുള്ള തിരിച്ചടി നല്‍കണമെന്നത് സംബന്ധിച്ച് ദില്ലിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുകയാണ്. പാകിസ്ഥാൻ സ്ഥാനപതിയെ വിളിച്ചു വരുത്തിയ ഇന്ത്യ പുല്‍വാമ സംഭവത്തില്‍ തങ്ങളുടെ ശക്തമായ പ്രതിഷേധം അറിയിച്ചു.

പാകിസ്ഥാൻ കേന്ദ്രീകരിച്ച് ഇന്ത്യയ്ക്കെതിരെ പ്രവര്‍ത്തിക്കുന്ന തീവ്രവാദികള്‍ക്കെതിരെ നടപടി വേണമെന്നും ഇതിന് രാഷ്ട്രീയ തലത്തിലുള്ള ഇടപെടലുണ്ടാവണമെന്നും ഇന്ത്യ പാകിസ്ഥാൻ സ്ഥാനപതിയെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. പാകിസ്ഥാനിലെ ഇന്ത്യന്‍ സ്ഥാനപതിയോട് അടിയന്തരമായി ദില്ലിയില്‍ എത്തിച്ചേരാനും ആവശ്യപ്പെട്ടിട്ടുണ്ട്. പുല്‍വാമ ആക്രമണം അന്താരാഷ്ട്രവേദികളില്‍ ഉന്നയിച്ച് പാകിസ്താനെ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങളും ഇന്ത്യ ആരംഭിച്ചിട്ടുണ്ട്. 

പ്രധാനമന്ത്രി നരേന്ദ്രമോദി തന്‍റെ രാഷ്ട്രീയ പരിപാടികള്‍ റദ്ദാക്കിയെങ്കിലും വികസനപദ്ധതികളുടെ ഉദ്ഘാടനം മാറ്റിവച്ചിട്ടില്ല. പുല്‍വാമ ആക്രമണം ഉണ്ടായതിന് പിന്നാലെ മുന്‍കൂട്ടി നിശ്ചയിച്ച വാര്‍ത്താസമ്മേളനം പ്രിയങ്കാ ഗാന്ധി റദ്ദാക്കിയിരുന്നു.

മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനും മറ്റു മുതിര്‍ന്നനേതാക്കള്‍ക്കുമൊപ്പം ഇന്ന് മാധ്യമങ്ങളെ കണ്ട കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പുല്‍വാമ വിഷയത്തില്‍ രാഷ്ട്രീയമായി പ്രതികരിക്കാനില്ലെന്ന് വ്യക്തമാക്കി. ഇന്ത്യയുടെ ആത്മാവിനേറ്റ മുറിവാണ് പുല്‍വാമ ആക്രമണം എന്ന് പറഞ്ഞ രാഹുല്‍ ഈ ഘട്ടത്തില്‍ സൈന്യത്തിനും സര്‍ക്കാരിനും പൂര്‍ണപിന്തുണ നല്‍കുകയാണെന്നും പ്രഖ്യാപിച്ചു. 

പൊതുതെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കേ മോദി സര്‍ക്കാരിന് കടുത്ത വെല്ലുവിളിയാണ് പുല്‍വാമ ആക്രമണം ഉയര്‍ത്തുന്നത്. നിലവിലെ സാഹചര്യത്തില്‍ സർവ്വകക്ഷി യോഗം വിളിച്ചു ചേർത്ത് പ്രതിപക്ഷത്തെ വിശ്വാസത്തിലെടുക്കാന്‍ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. എല്ലാ പാർട്ടികളുടേയും യോ​ഗം ശനിയാഴ്ച മോദി വിളിച്ചിട്ടുണ്ട്.

ഏത് നടപടി സ്വീകരിക്കാനും സർക്കാരിനും സൈന്യത്തിനും പിന്തുണ പ്രഖ്യാപിച്ച രാഹുൽ ​ഗാന്ധി നാളത്തെ പൊതുയോ​ഗത്തിൽ ഈ നിലപാട് ആവർത്തിക്കാനാണ് സാധ്യത. എന്നാൽ രാഹുലോ മറ്റേതെങ്കിലും പാർട്ടികളോ സർക്കാരിനെതിരെ വിമർശനം ഉന്നയിക്കുമോ എന്നതും കണ്ടറിയണം. ജമ്മു കശ്മീരിൽ സുരക്ഷ ഉറപ്പാക്കുന്നതിനാണ് സർക്കാരിന്‍റെ ആദ്യ പരിഗണന. 

അതേസമയം കശ്മീരി യുവാക്കൾക്കിടയിൽ മതമൗലിക വാദം എത്ര ആഴത്തിൽ പടരുന്നു എന്ന സൂചന കൂടിയാണ് അദിൽ അഹമ്മദ് ധർ എന്ന യുവാവ് ഒറ്റയ്ക്ക് നടത്തിയ ഈ ചാവേർ ആക്രമണം നല്‍കുന്നതെന്ന് സുരക്ഷാ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം കശ്മീര്‍ താഴ്വരയില്‍ ഭീകരര്‍ക്കെതിരെ ശക്തമായ സൈനികനടപടിയാണ് സ്വീകരിച്ചത്. നൂറുകണക്കിന് ഭീകരരെ ഇക്കാലയളവില്‍ വധിച്ചെങ്കിലും സൈനിക ഓപ്പറേഷനുകളില്‍ ധാരാളം ജവാന്‍മാര്‍ കൊല്ലപ്പെടുന്നു.

കൊല്ലപ്പെടുന്ന ഭീകരര്‍ക്ക് പകരം താഴ്വരയിലെ കൂടുതല്‍ യുവാക്കള്‍ ഭീകരസംഘടനകളില്‍ ചേരുന്നത് കശ്മീരില്‍ അടുത്ത കാലത്തൊന്നും സമാധനം പുലരില്ലെന്ന സൂചന കൂടിയാണ് നല്‍കുന്നത്. 

പാകിസ്താൻ നടത്തിയ നിഴൽയുദ്ധമായി കൂടി പുൽവാമ സംഭവം ചിത്രീകരിക്കപ്പെടുന്നുണ്ട്. ആക്രമണത്തിന്‍റെ മുഖ്യആസൂത്രകനായ മസൂദ് അസ്ഹറിനെ ആ​ഗോളഭീകരനായി പ്രഖ്യാപിക്കാനുള്ള ഇന്ത്യയുടെ നീക്കം ചൈനയുടെ ഇടപെടൽ മൂലം ഇതുവരെ ഫലം കണ്ടിട്ടില്ല.

തിരിച്ചടിക്കാൻ സൈന്യത്തിന് പൂർണസ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്ന പ്രധാനമന്ത്രിയുടെ വാക്കുകൾ പുൽവാമയിലേറ്റ മുറിവ് ഇന്ത്യ മറക്കില്ലെന്ന സൂചനയാണ് നൽകുന്നത്.

ഇന്ത്യയ്ക്കകത്തും നിയന്ത്രണരേഖയ്ക്ക് അപ്പുറത്തമുള്ള ഭീകരക്യാംപുകൾ തകർക്കാനുള്ള നീക്കം പ്രതീക്ഷിക്കാം. സാധ്യമായ രീതിയിലെല്ലാം തിരിച്ചടി എന്നി പ്രഖ്യാപിച്ച സർക്കാർ ഏതറ്റം വരെ പോകും എന്നത് വ്യക്തമല്ല. കൊല്ലപ്പെട്ട നാൽപ്പത് സൈനികരുടെ കുടുംബങ്ങളുടെ കണ്ണീർ രാജ്യത്തിന്റെ ഹൃദയം പിളർക്കുന്ന ഈ അവസ്ഥയിൽ തിരിച്ചടിക്കുക എന്നത് സർക്കാരിന് അഭിമാന പ്രശ്നമായി മാറിയിട്ടുണ്ട്.