ഷാര്‍ജാ :പ്രണയിനിയെ കാണുവാനായി ഷാര്‍ജാ വിമാനത്താവളത്തിന്‍റെ മതില്‍ ചാടി കടന്ന് നാട്ടിലേക്ക് മടങ്ങാന്‍ ശ്രമിച്ച പ്രവാസി അറസ്റ്റില്‍. ആര്‍കെ എന്നറിയപ്പെടുന്ന ഇന്ത്യന്‍ സ്വദേശിയായ 26 വയസ്സുകാരന്‍ സിവില്‍ എഞ്ചിനിയറെയാണ് വിമാനത്താവളത്തില്‍ അതിക്രമിച്ച് കടന്നതിന് ഷാര്‍ജാ പൊലീസ് അറസ്റ്റ് ചെയ്തത്.

എല്ലാവരും സ്വതന്ത്രരായ മനുഷ്യരാണെന്നും നമുക്ക് ഇഷ്ടമുള്ളത് ചെയ്യാന്‍ ഏവര്‍ക്കും സ്വാതന്ത്രമുണ്ടെന്ന് വ്യക്തമാക്കുവാനാണ് താന്‍ ഇത്തരത്തില്‍ ചെയ്തതെന്നും ആര്‍കെ പൊലീസിനോട് പറഞ്ഞു. ഒരു പേഴ്‌സ് മാത്രം കൈയ്യില്‍ കരുതി ബാക്കി തന്‍റെ എല്ലാ സാധനങ്ങളും മുറിയില്‍ തന്നെ വെച്ചാണ് രാത്രിയില്‍ യുവാവ് വിമാനത്താവളത്തിന്‍റെ മതിലിനരികിലേക്ക് വന്നത്. 

ഇവിടെ നിന്നും മതില്‍ ചാടി ഒരു വിമാനത്തിനുള്ളിലേക്ക് കയറുന്നതിനിടെ ലഗേജ് ലോഡറുടെ കണ്ണില്‍പ്പെടുകയായിരുന്നു.തന്റെ പാസ്‌പോര്‍ട്ട് തൊഴിലുടമ അന്യായമായി കൈവശം വെച്ചിരിക്കുകയാണെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു. നാട്ടില്‍ തന്റെ പ്രണയിനി കാത്തിരിക്കുന്നുണ്ട്, പക്ഷെ വീട്ടുകാര്‍ ഈ വിവാഹത്തിന് എതിരാണ്. അതിനാല്‍ അവരെ കാര്യങ്ങള്‍ പറഞ്ഞ് എങ്ങനെയെങ്കിലും വിവാഹത്തിന് സമ്മതിപ്പിക്കണം.

ഈ ആവശ്യത്തിനായി നാട്ടിലേക്ക് പോകുവാന്‍ 15 ലേറെ തവണ കമ്പനി ഉടമയുടെ അടുത്ത് പാസ്‌പോര്‍ട്ട് വേണമെന്ന് ആവശ്യപ്പെട്ട് ചെന്നെങ്കിലും അധികൃതര്‍ തരാന്‍ കൂട്ടാക്കിയില്ല. ഇതിനെ തുടര്‍ന്നാണ് താന്‍ ഇത്തരത്തിലുള്ള പ്രവൃത്തി ചെയ്തതെന്നും നിയമ നടപടികള്‍ പെട്ടെന്ന് തീര്‍ത്ത് തന്നെ എത്രയും പെട്ടെന്ന് നാട്ടിലേക്ക് അയക്കണമെന്നും യുവാവ് പൊലീസിനോട് പറഞ്ഞു.