ദില്ലി: തീവ്രവാദം പ്രോത്സാഹിപ്പിക്കുന്ന പാകിസ്ഥാന്റെ നടപടിയെ അന്താരാഷ്ട്ര സമൂഹം ഒറ്റക്കെട്ടായി അപലപിക്കണമെന്ന് വിദേശകാര്യമന്ത്രാലയം. അതിനിടെ കശ്മീര്‍ അതിര്‍ത്തിയില്‍ പാക് പോസ്റ്റുകള്‍ ഇന്ത്യ തകര്‍ത്തു. 2016 ജൂലായ് 8നാണ് ഹിസ്ബുള്‍ കമാണ്ടറായിരുന്ന ബുര്‍ഹാന്‍ വാണിയെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചത്. ബുര്‍ഹാന്‍ വാണി കശ്മീരിന് വേണ്ടി രക്തസാക്ഷിത്തം വഹിച്ചുവെന്ന് അന്ന് പാക്കിസ്ഥാന്‍ നടത്തിയ പരാമര്‍ശത്തിന് ഇന്ത്യന്‍ മറുപടി നല്‍കിയിരുന്നു. 

പാക് പ്രധാനമന്ത്രി നവാസ് ഷെരീഫും ബുര്‍ഹാന്‍ വാണിയെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയിരുന്നു. അതിന് പിന്നാലെയാണ് ബുര്‍ഹാന്‍ വാണി കൊല്ലപ്പെട്ട് ഒരു വര്‍ഷം തികയുമ്പോള്‍ സമാനമായ പരാമര്‍ശം പാക് കരസേനമേധാവി ഖമാര്‍ ജാവേദി ബാജ്്വ കൂടി നടത്തിയത്. കശ്മീരില്‍ ഇന്ത്യന്‍ സൈന്യം നടത്തുന്ന ക്രൂരതകള്‍ ബുര്‍ഹാന്‍ വാണിയിലൂടെ തലമുറകള്‍ ഓര്‍ക്കും എന്നതായിരുന്നു പാക് കരസേന മേധാവിയുടെ പരാമര്‍ശം. 

തീവ്രവാദത്തെ വാഴ്ത്തുന്ന പാക്കിസ്ഥാന്റെ നടപടിയെ അന്താരാഷ്ട്ര സമൂഹം അപലപിക്കണമെന്ന് കേന്ദ്ര വിദേശകാര്യ വക്താവ് ഗോപാല്‍ ബാഗ്‌ളെ ആവശ്യപ്പെട്ടു. ജി 20 ഉച്ചകോടി പാക്കിസ്ഥാനില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനകള്‍ ഉയര്‍ത്തുന്ന ഭീഷണി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൂണ്ടിക്കാട്ടിയിരുന്നു. 

കശ്മീരിലെ സാഹചര്യങ്ങളില്‍ സാധാരണ നിലയിലേക്ക് തിരിച്ചുവരുന്നതിനിടെയാണ് പ്രകോപനമുണ്ടാക്കുന്ന മറ്റൊരു നീക്കം കൂടി പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. ഇതിനിടെ കശ്മീര്‍ അതിര്‍ത്തിയിലെ സത്വാലി മേഖലയില്‍ പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് നടത്തിയ ആക്രണമത്തിന് ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കി. അതിര്‍ത്തിയിലെ പാക് പോസ്റ്റുകള്‍ ഇന്ത്യന്‍ ആക്രമണത്തില്‍ തകര്‍ന്നു.