മദീനയില്‍ നിന്നും മക്കയിലേക്കുള്ള ഇന്ത്യന്‍ ഹാജിമാരുടെ യാത്ര അവസാന ഘട്ടത്തില്‍. മിനായിലും അറഫയിലും ഇത്തവണ ഇന്ത്യന്‍ തീര്‍ഥാടകര്‍ക്ക് മുന്‍ വര്‍ഷങ്ങളേക്കാള്‍ മികച്ച സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ അറിയിച്ചു
ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി വഴി 89,000ഓളം തീര്‍ഥാടകര്‍ ഇതുവരെ സൗദിയില്‍ എത്തി. ഇവരില്‍ ഭൂരിഭാഗവും ഇപ്പോള്‍ മക്കയിലാണുള്ളത്. മദീനയില്‍ നിന്നും മക്കയിലേക്കുള്ള ഇന്ത്യന്‍ ഹാജിമാരുടെ യാത്ര നാളെ അവസാനിക്കും. അതേസമയം 65,000ഓളം തീര്‍ഥാടകര്‍ക്ക് മാത്രമേ ഇത്തവണ മെട്രോ സര്‍വീസ് ഉപയോഗിക്കാന്‍ കഴിയുകയുള്ളൂവെന്ന് ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ നൂര്‍ റഹ്മാന്‍ ഷെയ്ഖ് പറഞ്ഞു. ബാക്കിയുള്ളവര്‍ ബസുകളിലായിരിക്കും അറഫയിലേക്കും മുസ്ദലിഫയിലേക്കും യാത്ര ചെയ്യുക. വിവിധ സംഘടനകള്‍ക്ക് കീഴില്‍ സൗദിയില്‍ ജോലി ചെയ്യുന്ന 3000ഓളം സന്നദ്ധ സേവകര്‍ ഇന്ത്യയില്‍ നിന്നുള്ള ഹാജിമാര്‍ക്ക് സേവനം ചെയ്യാനായി മുന്നോട്ടു വന്നതായി അദ്ദേഹം ജിദ്ദയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മിനായില്‍ മൂന്നു നേരത്തെ ഭക്ഷണ വിതരണവും അറഫയില്‍ തീ പിടിക്കാത്ത തമ്പുകളും ഇത്തവണത്തെ പ്രത്യേകതയായിരിക്കും.
സൗദിയിലെ മൊബൈല്‍ സിംകാര്‍ഡുകള്‍ നാട്ടില്‍ നിന്ന് തന്നെ തീര്‍ഥാടകര്‍ക്ക് വിതരണം ചെയ്യുന്നുണ്ട്. എന്നാല്‍ ഇത് പ്രവര്‍ത്തിക്കണമെങ്കില്‍ സൗദിയില്‍ എത്തി വിരലടയാളം നല്‍കണം. ഇന്ത്യയില്‍ നിന്നുള്ള 27 തീര്‍ഥാടകര്‍ ഇതുവരെ സൗദിയില്‍ വെച്ച് മരണപ്പെട്ടു. വാഹനാപകടം മൂലമുള്ള രണ്ടു മരണം ഒഴികെ ബാക്കിയെല്ലാം സാധാരണ മരണമായിരുന്നു. ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് സൗഹൃദ സംഘാംഗം വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബര്‍ ഈ മാസം 28ന് സൗദിയിലെത്തുമെന്നും കോണ്‍സുല്‍ ജനറല്‍ അറിയിച്ചു. ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഹജ്ജ് കോണ്‍സുല്‍ ഷാഹിദ് ആലമും പങ്കെടുത്തു.
