ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു. വംശീയവിദ്വേഷത്തെ തുടര്‍ന്ന് ഉണ്ടായ ആക്രമണത്തിലാണ് ഹൈദരാബാദ് സ്വദേശിയായ ശ്രീനിവാസ് കുച്ചിബോത്‌ല കൊല്ലപ്പെട്ടത്. കാന്‍സാസിലെ ഒരു ബാറില്‍വെച്ച് അക്രമികളുടെ വെടിയേറ്റാണ് ശ്രീനിവാസ് കൊല്ലപ്പെട്ടത്. വെയിവെയ്‌പ്പില്‍ ശ്രീനിവാസിന്റെ രണ്ടു സുഹൃത്തുക്കള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഒലാതെയില്‍ ഗാര്‍മിന്‍ ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ എഞ്ചിനിയറായിരുന്നു ശ്രീനിവാസ്. ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന മറ്റൊരു ഇന്ത്യന്‍ വംശജനും അമേരിക്കന്‍ സ്വദേശിയ്‌ക്കുമാണ് വെടിവെയ്‌പ്പില്‍ പരിക്കേറ്റത്. 

അതേസമയം കന്‍സാസിലെ ബാറിലുണ്ടായ വെടിവയ്പ്പില്‍ ഇന്ത്യന്‍ സ്വദേശി ശ്രീനിവാസ് കുച്ചിഭോത്‌ല കൊല്ലപ്പെട്ടതു ഞെട്ടിച്ചുവെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. വെടിവയ്പ്പില്‍ പരിക്കേറ്റ ആലോക് മദസനി ആശുപത്രി വിട്ടെന്നും സുഷമാ സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചു. ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ കന്‍സാസില്‍ എത്തിയിട്ടുണ്ടെന്നും കൊല്ലപ്പെട്ട ശ്രീനിവാസിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു.