Asianet News MalayalamAsianet News Malayalam

ശമ്പള കുടിശികയും ആനുകൂല്യങ്ങളും കിട്ടാതെ നാട്ടിലേക്ക് മടങ്ങില്ലെന്ന് സൗദിയില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍

indian labourers trapped in saudi not willing to return
Author
First Published Aug 2, 2016, 3:46 AM IST

സൗദി ഓജറിന്‍റെ റിയാദിലെയും ജിദ്ദയിലെയും ലേബര്‍ കാംപുകളിലായി 5,622 ഇന്ത്യന്‍ തൊഴിലാളികളുണ്ടെന്നാണ് കണക്ക്. ഇവരുടെ വിവരങ്ങളാണ് ശേഖരിക്കുന്നത്.. തൊഴിലാളികളുടെ പാസ്‌പോര്‍ട്ട് നമ്പര്‍, മുടങ്ങിയ ശമ്പളം, സംസ്ഥാനം, ലേബര്‍ കോടതിയില്‍ കേസുണ്ടെങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ എന്നിവയെല്ലാമാണ് ശേഖരിക്കുന്നത്. കേസുകള്‍ എംബസിയുടെ നേതൃത്വത്തില്‍ നടത്തുമെന്നും നാട്ടിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എക്‌സിറ്റ് വാങ്ങി നല്‍കുമെന്നും ഇന്ത്യന്‍ അംബാസിഡര്‍ അഹമ്മദ് ജാവേദ് അറിയിച്ചിട്ടുണ്ട്. ശമ്പള കൂടിശ്ശികയും ആനുകൂല്യങ്ങളും ലഭിക്കാതെ നാട്ടിലേക്ക് പോകേണ്ടെന്നാണ് ഏറിയപക്ഷം തൊഴിലാളികളുടെയും നിലപാട്.

നാട്ടിലേക്ക് മടങ്ങിയെത്തിയാലും ആനുകൂല്യങ്ങള്‍ നേടിയെടുക്കാമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി പറയുമ്പോഴും പ്രവാസി പുനരധിവാസ അടക്കമുള്ള വിഷയങ്ങളില്‍ സര്‍ക്കാരിന്റെ മെല്ലപ്പോക്ക് നയങ്ങളാണ് മലയാളികളടക്കമുള്ള തൊഴിലാളികളെ ആശങ്കയിലാക്കുന്നത്. എന്നാല്‍ തൊഴില്‍ മേഖലയിലെ തര്‍ക്കങ്ങളും പ്രശ്നങ്ങളും പരിഹരിക്കുന്നതിന് സൗദി ആഭ്യന്തരമന്ത്രാലയം മുന്തിയ പരിഗണന നല്‍കുന്നുണ്ടെന്ന തൊഴില്‍ സാമൂഹ്യ വികസന മന്ത്രി ഡോ. മുഹഫജ് അല്‍ ഹഖബാനിയുടെ പ്രതികരണം, പ്രതീക്ഷ നല്‍കുന്നതായി തൊഴിലാളികള്‍ പറയുന്നു. അതേസമയം കഴിഞ്ഞ ദിവസം രാത്രിയോടെ എല്ലാ ലേബര്‍ക്യാമ്പുകളിലും ഭക്ഷണ വിതരണം ഉറപ്പുവരുത്താന്‍ കഴി‍ഞ്ഞിട്ടുണ്ടെന്ന് ഇന്ത്യന്‍ എംബസി അധികൃതര്‍ അറിയിച്ചു. 11,200കിലോ ഭക്ഷ്യ വസ്തുക്കളാണ് വിവിധ ക്യാമ്പുകളിലേക്കായി എത്തിച്ചത്.

Follow Us:
Download App:
  • android
  • ios