ഇന്ത്യന്‍ വംശജരായ കൗണ്‍സിലറുടെയും ദന്തഡോക്ടറുടെയും പ്രണയനിർഭരമായ മുഹൂർത്തതിനാണ് യോഗം വേദിയായത്.

വാഷിങ്ടൺ: നോര്‍ത്ത് കരോലിനയിലെ കൗണ്‍സില്‍ മീറ്റിംഗ് വളരെ സന്തോഷകരമായ മുഹൂർത്തതിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ്. ഇന്ത്യന്‍ വംശജരായ കൗണ്‍സിലറുടെയും ദന്തഡോക്ടറുടെയും പ്രണയനിർഭരമായ മുഹൂർത്തതിനാണ് യോഗം വേദിയായത്. യോഗത്തിൽ പങ്കെടുക്കാനെത്തിയ ദന്തഡോക്ടര്‍ വൈഭവ് ബജാജ് കൗണ്‍സില്‍ അംഗമായ ഡിംപിള്‍ അജ്മീറയോടാണ് വിവാഹാഭ്യര്‍ത്ഥന നടത്തിയത്. 

എന്നത്തേയും പോലെ മീറ്റിങ്ങ് നടന്നുകൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് ഇന്ത്യന്‍ വംശജനായ ദന്തഡോക്ടര്‍ വൈഭവ് ബജാജിന് സംസാരിക്കാന്‍ അവസരം ലഭിച്ചത്. എന്നാൽ സംസാരിക്കുന്നതിനായി വേദിയിലേക്കു കയറിയ വൈഭവ് ഏവരേയും ഞെട്ടിച്ച് ഡിംപിളിനോട് വിവാഹാഭ്യര്‍ത്ഥന നടത്തുകയായിരുന്നു. ജൂലായ് 23 നാണ് സംഭവം. 

വിവാഹം സംബന്ധിച്ച ഡിംപിളിന്റെ ട്വീറ്റും വളരെ രസകരമായിരുന്നു. 'സഹപ്രവര്‍ത്തകരേ, ഈ പ്രമേയത്തില്‍ ആര്‍ക്കെങ്കിലും എതിര്‍പ്പുണ്ടോ? രണ്ടു കക്ഷിളുടെയും സമ്മതമാണ് ഡോ.വൈഭവ് ആഗ്രഹിക്കുന്നത്. കുറച്ചു കൂടി ഗൗരവത്തില്‍ പറഞ്ഞാല്‍, കുടുംബത്തെ സ്നേഹിക്കുന്ന, സ്നേഹമുള്ള, ദയാലുവായ മനസ്സിനിണങ്ങിയ ഒരാളെ എനിക്ക് പങ്കാളിയായി ലഭിച്ചിരിക്കുന്നു.' 

നോര്‍ത്ത് കരോലിന ഡിസ്ട്രിക്റ്റ് അഞ്ചില്‍നിന്നാണ് ഡിംപിൾ ഏകകണ്ഠമായി കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. സതേണ്‍ കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയില്‍നിന്ന് അക്കൗണ്ടിംഗില്‍ ബിരുദം നേടിയ ഡിംപിൾ സിറ്റി കൗണ്‍സിലിലെ ആദ്യ ഏഷ്യന്‍ അംഗമാണ്.