അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ ഇന്ത്യന്‍ വംശജന്‍ വെടിയേറ്റ് മരിച്ചു. ഫ്രസ്നോ സിറ്റിയ്ക്ക് സമീപം പലചരക്ക് കടയില്‍ ജോലിയിലായിരുന്ന ധരംപ്രീത് സിംഗ് ജസ്സര്‍(21) ആണ് വെടിയേറ്റ് മരിച്ചത്. ആയുധധാരികളായ നാല് പേര്‍ കട ആക്രമിച്ച് കവര്‍ച്ച നടത്തുന്നതിനിടെയാണ് ധരംപ്രീത് കൊല്ലപ്പെട്ടത്. നാലംഗ സംഘത്തിന്‍റെ കണ്ണില്‍പെടാതെ ഒളിച്ചിരുന്ന ധരംപ്രീതിനെ ഇവരിലൊരാള്‍ വെടിവയ്ക്കുകയായിരുന്നു. ചൊവ്വ രാത്രിയോടെയാണ് സംഭവം നടന്നതെങ്കിലും ബുധനാഴ്ച കടയില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയ ആളാണ് ധരംപ്രീതിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസിനെ വിവരം അറിയിച്ചത്. സ്റ്റുഡന്‍റ് വിസയില്‍ മൂന്ന് വര്‍ഷം മുമ്പ് പഞ്ചാബില്‍ നിന്ന് അമേരിക്കയിലെത്തിയതാണ് ധരംപ്രീത്. അക്കൗണ്ടിംഗ് വിദ്യാര്‍ത്ഥിയാണ് ഇയാള്‍.
സംഭവത്തില്‍ ഇന്ത്യന്‍ വംശജനായ അര്‍മിത്രാജ് സിംഗ് അത്വാലി(22)നെ പോലീസ് അറസ്റ്റ് ചെയ്തു. കവര്‍ച്ച നടത്തിയ നാല് പേരിലൊരാളാണ് അര്‍മിത് എന്നാണ് പോലീസ് നിഗമനം. കൊലപാതകത്തിനും കവര്‍ച്ചയ്ക്കും ഇയാള്‍ക്കെതിരെ കേസെടുത്തു. സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തിയ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്, കൊല്ലപ്പെട്ട ധരംപ്രീതിന്‍റെ കുടുംബത്തിന് നീതി ലഭിക്കാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്ന് വിദേശ കാര്യമന്ത്രി സുഷമ സ്വരാജിനോട് ആവശ്യപ്പെട്ടു.
