ദില്ലി: സംരക്ഷിത മൃഗമായ ആനയുടെ എണ്ണത്തില്‍ അഞ്ച് വര്‍ഷം കൊണ്ട് 10 ശതമാനം കുറവ്. പരിസ്ഥിതി മന്ത്രാലയം പുറത്തുവിട്ട സെന്‍സസ് റിപ്പോര്‍ട്ട് പ്രകാരം 27,312 ആനകളാണ് 23 സംസ്ഥാനങ്ങളിലായി ഉള്ളത്. 2012ലെ സെന്‍സസിനെക്കാള്‍ 3000ത്തോളം ആനകളാണ് കുറഞ്ഞത്. 6,049 ആനകളുള്ള കര്‍ണ്ണാടകയാണ് എണ്ണത്തില്‍ ഒന്നാമത്. 5,719 ആനകളുള്ള അസം രണ്ടാമതും 3,128 ആനകളുള്ള കേരളം മൂന്നാമതുമാണ്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലായി ആകെ 11,960 ആനകളുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു.

വിവിധ സെന്‍സസ് രീതികള്‍ അവലംബിച്ചാണ് കണക്കെടുപ്പ് പൂര്‍ത്തിയാക്കിയത്. എന്നാല്‍ ശാസ്ത്രീയ രീതികളുടെ അഭാവം മൂലമാണ് എണ്ണത്തില്‍ കുറവെന്നാണ് പരിസ്ഥിതി മന്ത്രാലയത്തിന്‍റെ വാദം. പുറത്തുവന്നത് പ്രാഥമിക റിപ്പോര്‍ട്ട് മാത്രമാണെന്നും അന്തിമ കണക്ക് മാസങ്ങള്‍ക്കുള്ളില്‍ പുറത്തു വിടുമെന്നും മന്ത്രാലയം പറയുന്നു.
ലോകത്ത് ആകെയുള്ള ഏഷ്യന്‍ ആനകളില്‍ 60 ശതമാനവും ഇന്ത്യയിലാണ്. 41,414 നും 52,345നും ഇടയില്‍ ആനകളാണ് ഏഷ്യയുള്ളതെന്നാണ് വിലയിരുത്തല്‍.
