ഇന്ത്യയെ ആണവ വിതരണ സംഘത്തിൽ ഉൾപ്പെടുന്നതിനെ ദക്ഷിണ കൊറിയയിലെ സോളിൽ നടന്ന പ്ലീനറി സമ്മേളനത്തിൽ ശക്തമായി എതിര്‍ത്തത് ചൈനയാണ്. അതിന് പിന്നാലെ സ്വിറ്റ്സർലാന്‍റ്, ന്യൂസിലാന്‍റ്, ബ്രസീൽ, തുര്‍ക്കി, അയര്‍ലന്റ്, ഓസ്ട്രിയ ഉൾപ്പടെ ഒന്‍പത് രാജ്യങ്ങളും എതിർപ്പറിയിച്ചു. ആണവ നിര്‍വ്യാപന കരാറിൽ ഒപ്പുവെക്കാത്ത ഇന്ത്യയെ ഉൾപ്പെടുത്തുന്നത് തെറ്റായ കീഴ്വഴക്കമാകുമെന്ന വാദമാണ് ഈ രാജ്യങ്ങൾ ഉയര്‍ത്തിയത്. അമേരിക്ക, റഷ്യ, ബ്രിട്ടൻ ഉൾപ്പടെ 38 രാഷ്ട്രങ്ങളുടെ പിന്തുണ ഇന്ത്യക്ക് കിട്ടി. പത്ത് അംഗങ്ങൾ എതിര്‍ത്തതോടെ ഇന്ത്യയുടെ എൻഎസ്ജി പ്രവേശനം സംബന്ധിച്ച കാര്യത്തിൽ തീരുമാനമെടുക്കാതെ പ്ലീനറി സമ്മേളനം പിരിഞ്ഞു. 

സാങ്കേതിക കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഒരു രാജ്യത്തിന്‍റെ കടുംപിടുത്തമാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായതെന്ന് ചൈനയെ പരോക്ഷമായി വിമര്‍ശിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. എൻഎസ്ജി അംഗത്വത്തിന് വേണ്ടിയുള്ള ഇന്ത്യയുടെ നീക്കങ്ങൾ യുക്തിപൂര്‍വ്വം ആയിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ആനന്ദശര്‍മ്മ പ്രതികരിച്ചു.

അതേസമയം ആണവ നിര്‍വ്യാപന കരാറിൽ ഒപ്പുവെക്കാത്ത രാഷ്ട്രങ്ങളെ എൻഎസ്ജിയിൽ ഉൾപ്പെടുത്തുന്ന കാര്യത്തിൽ ചര്‍ച്ചകൾ തുടരുമെന്നാണ് പ്ലീനറി സമ്മേളനത്തിന് ശേഷം ഇറക്കിയ വാര്‍ത്താ കുറിപ്പിൽ വ്യക്തമാക്കുന്നത്. എൻപിടി ചട്ടം നിലനിൽക്കുന്പോൾ അത് മറികടക്കാനാകില്ലെന്നായിരുന്നു ചൈനയുടെ മറുപടി. ചൈന ഉൾപ്പടെ പത്ത് രാജ്യങ്ങൾ തീര്‍ക്കുന്ന തടസ്സം മറികടക്കുക ഭാവിയിലും ഇന്ത്യക്ക് മുന്നിലെ വെല്ലുവിളിയായി തുടരും. എൻഎസ്ജിയിൽ അംഗത്വം കിട്ടിയിരുന്നെങ്കിൽ ആണവ രംഗത്ത് വലിയ കുതിച്ചുചാട്ടം നടത്താൻ ഇന്ത്യക്ക് സാധിക്കുമായിരുന്നു. ഇന്ത്യക്കെതിരെ ചൈന എടുക്കുന്ന കടുത്ത നിലപാട് ഇരുരാജ്യങ്ങൾക്കുമിടയിലെ ബന്ധത്തിൽ വരും ദിവസങ്ങളിൽ വിള്ളലുണ്ടാക്കുമോ എന്ന ചര്‍ച്ചകളും ആരംഭിച്ചുകഴിഞ്ഞു.