ദില്ലി: പ്രവാസി ഇന്ത്യക്കാരുടെ വിദേശ ബാങ്കുകളിലെ നിക്ഷേപങ്ങളെ കുറിച്ച് വിവരങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങിയത് ആശങ്കാ ജനകമാണെന്ന് ഇന്തോ അറബ് കോണ്‍ഫെഡറേഷന്‍ കൗണ്‍സില്‍. ഗള്‍ഫ് നാടുകളിലെ സ്ഥിതിഗതികളും നിയമ വ്യവസ്ഥയും മനസ്സിലാക്കാതെയുള്ള നിര്‍ദേശത്തില്‍ പ്രായോഗികമായ മാറ്റം വരുത്തണമെന്നാണ് കൗണ്‍സിലിന്റെ ആവശ്യം

വിദേശ ഇന്ത്യക്കാരുടെ ഓഹരി നിക്ഷേപം, ബാങ്ക് നിക്ഷേപം, വസ്തു നിക്ഷേപം തുടങ്ങിയവയില്‍ നിന്നുള്ള വരുമാനത്തിന്റെ വിവരങ്ങള്‍ ശേഖരിക്കാനാണ് ആദായ നികുതി വകുപ്പ് തീരുമാനിച്ചിരുന്നത്. അക്കൗണ്ടുള്ള രാജ്യം, ബാങ്കിന്റെ പേര്, അക്കൗണ്ട് നന്പര്‍, സ്വിഫ്റ്റ് കോഡ്, ഇന്റര്‍നാഷണല്‍ ബാങ്ക് അക്കൗണ്ട് നന്പര്‍ എന്നിവ ആദായ നികുതി വിവരങ്ങള്‍ക്കൊപ്പം സമര്‍പ്പിക്കാനാണ് നിര്‍ദേശം. 

നികുതി റിട്ടേണ്‍ ഫോമില്‍ ഇവ വെളിപ്പെടുത്താന്‍ പ്രത്യേക കോളവും ചേര്‍ത്തിട്ടുണ്ട്. എന്നാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന മലയാളികളില്‍ നാല്‍പ്പത് ശതമാനത്തോളം വരുന്നവര്‍ക്ക് അക്കൗണ്ട് ഇല്ലെന്നാണ് ഇന്തോ അറബ് കോണ്‍ഫെഡറേഷന്‍ കൗണ്‍സില്‍ ചൂണ്ടിക്കാട്ടുന്നത്. മിക്കവരും നഗരപ്രദേശങ്ങളില്‍ നിന്നും കിലോ മീറ്ററുകള്‍ അകലേയുള്ള ലേബര്‍ ക്യാമ്പുകളില്‍ തുച്ഛമായ വേതനത്തിന് ജോലി ചെയ്യുന്നവരാണ്. 

നികുതി വെട്ടിപ്പ് തടയാനും കള്ളപ്പണം കണ്ടുപിടിക്കുന്നത് എളുപ്പമാക്കാനുമാണ് ഈ നിര്‍ദേശമെന്നാണ് ആദായ വകുപ്പിന്റെ വാദം. എന്നാല്‍ അറബ് മേഖലയില്‍ പണിയെടുക്കുന്ന മലയാളികളില്‍ വലിയ ശതമാനം ആളുകളും സാന്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരാണെന്നും ഇത്തരക്കാരെ ദ്രോഹിക്കുന്ന നടപടിയാണ് കേന്ദ്ര സര്‍ക്കാര്‍ എടുക്കുന്നതെന്നുമാണ് ഇന്തോ അറബ് കോണ്‍ഫെഡറേഷന്‍ കൗണ്‍സിലിന്റെ പരാതി.