2016- 2017 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയും ഒമാനും നാല് ബില്യണ്‍ അമേരിക്കന്‍ ഡോളറിന്റെ വ്യാപാരം നടന്നെന്ന് ഇന്ത്യന്‍ സ്ഥാനപതി ഇന്ദ്രമണി പാണ്ഡേ. വരും സാമ്പത്തിക വര്‍ഷത്തില്‍ വ്യാപാരത്തില്‍ കൂടുതല്‍ മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയില്‍ നിന്നുമെത്തിയ സെറാമിക് കമ്പനികളുടെ പ്രതിനിധികളുമായി മസ്കറ്റ് എംബസ്സിയില്‍ നടന്ന ബിസിനസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു സ്ഥാനപതി.
2013- 2014 സാമ്പത്തിക വര്‍ഷത്തില്‍ ആണ് ഇന്ത്യയും ഒമാനും തമ്മില്‍ ഏറ്റവും കൂടുതല്‍ വ്യാപാര തോത് രേഖപെടുത്തിയത്. 5.77 ബില്ലിന്‍ അമേരിക്കന്‍ ഡോളര്‍ ആയിരുന്നു വ്യാപാര തോത് . 2015- 2016 ഇല്‍ ഇത് 3.8 ബില്യണ്‍ ഡോളര്‍ ആയി കുറഞ്ഞു. എന്നാല്‍, 2016 - 2017 സാമ്പത്തിക വര്‍ഷത്തില്‍ ഇതിനു നേരിയ വര്‍ദ്ധനവ് ഉണ്ടായതായി സ്ഥാനപതി ഇന്ദ്രന്‍ മണി പാണ്ഡേ പറഞ്ഞു.
ഒമാനും ഇന്ത്യയും തമ്മില്‍ വര്‍ഷങ്ങളായുള്ള നയതന്ത്ര ബന്ധവും, ഭൂമിശാസ്‌ത്രപരമായി വളരെ അടുത്ത് സ്ഥിതി ചെയ്യുന്നതിനാലും ഇന്ത്യയുമായുള്ള വ്യാപാര ബന്ധം കൂടുതല്‍ മെച്ചപ്പെടുകേയുള്ളൂവെന്നു ഒമാന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഡെപ്യൂട്ടി ചെയര്‍മാന്‍ റീദ ബിന്‍ ജുമാ പറഞ്ഞു.
