ഇന്‍ഫോസിസ് പൂനെ ഓഫീസില്‍വെച്ച് കൊല്ലപ്പെട്ട രസീല രാജുവിന്റെ കുടുംബത്തിന് കമ്പനി ഒരു കോടി രൂപ നഷ്‌ടപരിഹാരം നല്‍കും. തന്റെ മകള്‍ മരിച്ചത് ഇന്‍ഫോസിസിലെ സുരക്ഷാവീഴ്ചയാണെന്ന് രസീലയുടെ അച്‌ചന്‍ ആരോപിച്ചതിന് ഒരു ദിവസത്തിന് ശേഷമാണ് കമ്പനി നഷ്‌ടപരിഹാരം പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്‍ഫോസിസ് എച്ച് ആര്‍ വിഭാഗമാണ് ഒരു കോടി രൂപ നല്‍കുമെന്ന് കത്തിലൂടെ അറിയിച്ചിരിക്കുന്നത്. ഈ കത്ത് പ്രമുഖ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നഷ്‌ടപരിഹാര തുക കൂടാതെ, രസീലയുടെ പേരിലുള്ള പി എഫ്, ഗ്രാറ്റുവിറ്റി തുകയും ഏറ്റവുമടുത്ത ബന്ധുക്കള്‍ക്ക് കൈമാറുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. 

പൂനെയിലെ ഹിന്‍ജേവാഡി ഐടി പാര്‍ക്കിലെ ഇന്‍ഫോസിസ് ഓഫീസില്‍ വെച്ച് ഞായറാഴ്‌ചയാണ് രസീല കൊല്ലപ്പെട്ടത്. കംപ്യൂട്ടര്‍ കേബിള്‍ കഴുത്തില്‍ മുറുക്കിയാണ് രസീലയെ കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കമ്പനിയിലെ സുരക്ഷാജീവനക്കാരന്‍ അറസ്റ്റിലായിട്ടുണ്ട്. രസീലയുടെ മൃതദേഹം കഴിഞ്ഞദിവസം കോഴിക്കോട്ടെ വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു. രണ്ടുമാസത്തിനിടെ ഇത് രണ്ടാം തവണയാണ് പൂനെയില്‍ ഐടി ജീവനക്കാരി കൊല്ലപ്പെടുന്നത്. രണ്ടുമാസം മുമ്പാണ് കൊല്‍ക്കത്ത സ്വദേശിനിയായ ഐടി ജീവനക്കാരി കുത്തേറ്റ് മരിച്ചത്.