927 കേന്ദ്രങ്ങളിൽ പരിശോധന നടത്തി 84 കേന്ദ്രങ്ങൾക്ക് നോട്ടീസ് നൽകി പലയിടത്തും വൃത്തി ഹീനമായ സാഹചര്യം

കൊച്ചി: എറണാകുളം ജില്ലയിൽ വൃത്തി ഹീനമായ സാഹചര്യത്തിൽ തൊഴിലാളികളെ പാർപ്പിച്ചിരിക്കുന്ന 84 കേന്ദ്രങ്ങൾക്ക് നോട്ടീസ് നൽകി. ജില്ലാ കളക്ടറുടെയും ഡിഎംഒയുടെയും നേത്വത്തിൽ രൂപീകരിച്ച സംഘമാണ് പരിശോധന നടത്തി നോട്ടീസ് നൽകിയത്. ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിലെ വൃത്തി ഹീനമായ സാഹചര്യം മഴക്കാലത്ത് പകർച്ച വ്യാധികൾ പടർന്നു പിടിക്കാൻ കാരണമാകുമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു.

ഇതേത്തുടർന്ന് ജില്ല ഭരണകൂടം പരിശോധനക്കായി പ്രത്യേക സംഘത്തെ നിയോഗിച്ചു. തഹസിൽദാർമാരുടെ നേതൃത്വത്തിൽ താലൂക്കുകൾ കേന്ദ്രീകരിച്ചാണ് പരിശോധന. ജില്ലയിലെ ഏഴു താലൂക്കുകളിലായി 927 കേന്ദ്രങ്ങളിൽ പരിശോധന നടത്തി. മിക്ക സ്ഥലത്തും ആവശ്യത്തിന് ശുചിമുറികളില്ലെന്ന് പരിശോധനയിൽ കണ്ടെത്തി. ഉള്ളതു തന്നെ വൃത്തി ഹീനവും. പലയിടത്തും ആളുകളെ കുത്തി നിറച്ചിരിക്കുന്നു. 79 കേന്ദ്രങ്ങളിൽ മാത്രമാണ് തൃപ്തി കരമായ സാഹചര്യം ഉള്ളത്. കുടുസ്സു മുറിക്കു പോലും വൻ തുകയാണ് ഉടമകൾ വാടക ഈടാക്കുന്നത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ കെട്ടിട നമ്പർ നൽകാത്ത കെട്ടിടങ്ങൾക്ക് വൈദ്യുതി കണക്ഷൻ ലഭിച്ചതായും കണ്ടെത്തിയിട്ടുണ്ട്.