സൗദിയില്‍ സുരക്ഷിതമായി വാഹനം ഓടിക്കുന്നവര്‍ക്ക് ഇന്‍ഷുറന്‍സ് തുകയില്‍ നല്‍കുന്ന ഇളവ് ജൂണ്‍ മുപ്പത് വരെ തുടരും. പത്ത് മുതല്‍ പതിനഞ്ച് ശതമാനം വരെയാണ് ഇളവ് ലഭിക്കുക.

അപകടങ്ങള്‍ വരുത്താത്ത ഡ്രൈവര്‍മാരുടെ വാഹന ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ ഇളവ് നല്‍കാന്‍ നേരത്തെ സാമ, അതായത് സൗദി അറേബ്യന്‍ മോണിട്ടറി അതോറിറ്റി നിര്‍ദേശം നല്‍കിയിരുന്നു. ഈ ആനുകൂല്യം അടുത്ത ആറു മാസത്തേക്ക് കൂടി തുടരാന്‍ സാമ ഇന്‍ഷുറന്‍സ് കമ്പനികളോട് ആവശ്യപ്പെട്ടു. സുരക്ഷിതമായി വാഹനം ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് ഇന്‍ഷുറന്‍സ് തുകയില്‍ പതിനഞ്ചു ശതമാനം വരെ ഇളവ് നല്‍കാനാണ് നിര്‍ദേശം. ഒരു വര്‍ഷത്തിനിടയില്‍ ഒരു അപകടവും വരുത്താത്ത ഡ്രൈവര്‍മാര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സിനും കംപ്രഹന്‍സീവ് ഇന്‍ഷുറന്‍സിനും ഇത് ബാധകമാണ്. കഴിഞ്ഞ ഓഗസ്റ്റ്‌ മുതല്‍ ഡിസംബര്‍ അവസാനം വരെ ഇളവ് നല്‍കാന്‍ ആയിരുന്നു നേരത്തെയുണ്ടായിരുന്ന നിര്‍ദേശം. ഇത് ജൂണ്‍ മുപ്പത് വരെ തുടരാന്‍ ആണ് പുതിയ നിര്‍ദേശം. വാഹനാപകടങ്ങള്‍ കുറയ്‍ക്കു, സുരക്ഷിതമായി വാഹനം ഓടിക്കുന്നവരെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് ഇതു കൊണ്ട് സാമ ലക്‌ഷ്യം വെക്കുന്നത്. അര്‍ഹരായവര്‍ക്ക് ഇളവ് ലഭിക്കുന്നില്ലെങ്കില്‍ ഉപഭോക്തൃ സംരക്ഷണ വകുപ്പില്‍ പരാതിപ്പെടാമെന്നും സാമ അറിയിച്ചു.