സൈനികത്താവളത്തില്‍ ആക്രമണം നടക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നെന്ന് ഇന്ത്യന്‍ എക്സ്‍പ്രസ് ദിനപ്പത്രമാണ് ഇന്ന് പുറത്തുവിട്ടത്. നഗ്രോത സൈനിതാവളം ഭീകരര്‍ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്നും സുരക്ഷ ശക്തമാക്കണമെന്നും കാണിച്ച് 10 ദിവസം മുമ്പാണ് രഹസ്യാന്വേഷണ വിഭാഗം സൈന്യത്തിന് നിര്‍ദ്ദേശം നല്‍കിയത്. ഈ മുന്നറിയിപ്പ് അവഗണിക്കുക വഴി സുരക്ഷാ വീഴ്ച ഇക്കാര്യത്തിലുണ്ടായെന്ന ആക്ഷേപത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ഇത് സംബന്ധിച്ച ഒരു അന്വേഷണം സൈന്യം ഇതിനോടകം തന്നെ തുടങ്ങിയിട്ടുണ്ട്. ഇന്നലെ രാത്രി നിര്‍ത്തിവെച്ച തീവ്രവാദികള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ഇന്ന് രാവിലെ പുനരാരംഭിച്ചു. പ്രദേശത്ത് തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നുവെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം തുടങ്ങിയത്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കരസേനാ മേധാവി ദല്‍ബീര്‍ സിങ് സുഹാഗ് ഇന്ന് നഗ്രോത സൈനികത്താവളം സന്ദര്‍ശിക്കുന്നുണ്ട്. ഉദ്ദ്യോഗസ്ഥരുമായി അദ്ദേഹം ഇന്ന് കൂടിക്കാഴ്ച നടത്തും.

പുലര്‍ച്ചെ അഞ്ചരയ്ക്കാണ് ജമ്മുവിൽ നിന്ന് 20 കിലോ മീറ്റര്‍ അകലെയുള്ള നഗ്രോത സൈനിക താവളം ഭീകരര്‍ ആക്രമിച്ചത്. ഉറി ഭീകരാക്രമണ മാതൃകയിൽ സൈനിക വേഷത്തിലെത്തിയവര്‍ സൈനിക താവളത്തിലെ ആയുധപ്പുര കേന്ദ്രീകരിച്ചാണ് ആക്രമണം നടത്തിയത്.  അപ്രതീക്ഷിത ആക്രമണത്തിലാണ് രണ്ട് ഉദ്യോഗസ്ഥര്‍ അടക്കം ഏഴു ജവാന്മാരാണ് കൊല്ലപ്പെട്ടത്.